സാമൂഹിക മാധ്യമ നിരീക്ഷണം; അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കം പ്രതിഷേധാര്‍ഹം: പി ആര്‍ സിയാദ്
തിരുവനന്തപുരം: സാമൂഹിക മാധ്യമ നിരീക്ഷണത്തിന്റെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടങ്ങാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അതിനെതിരായ ജനാധിപത്യ ഇടപെടലുകളെ ഇല്ലാതാക്കാന്‍ സാമൂഹിക മാധ്യമ നിരീക്ഷണം ശക്തമാക്കുന്ന പതിവുരീതിയാണ് കാണുന്നത്. ഇപ്പോള്‍ ഭരണഘടനാ വിരുദ്ധമായി മതം മാനദണ്ഡമാക്കി പൗരത്വം നല്‍കുന്ന സിഎഎയ്ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കേ ആഭ്യന്തര വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത് ദുഷ്ടലോക്കോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകള്‍ നിരീക്ഷിക്കാനെന്ന പേരില്‍ ഇസ്രയേല്‍ നിര്‍മിത സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കൂ. പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിന് 1.20 കോടി രൂപ ചെലവില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിജിപി നല്‍കിയ പുതുക്കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചിരിക്കുകയാണ്. നാളിതുവരെയുള്ള അനുഭവം വെച്ച് തികച്ചും ഏകപക്ഷീയവും വിവേചനപരവുമായാണ് നിരീക്ഷണങ്ങളും നടപടികളും ഉണ്ടാവുന്നത്. അതിതീവ്രവും വിദ്വേഷപരവുമായ പോസ്റ്റുകള്‍ ചെയ്തുവരുന്ന സംഘപരിവാര നേതാക്കള്‍ക്കെതിരേ നിരവധി കേസുകളെടുത്തെങ്കിലും നാളിതുവരെ തുടര്‍ നടപടി സ്വീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം ആര്‍എസ്എസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആഴ്ചകളും മാസങ്ങളും തടവില്‍ കഴിയേണ്ടി വന്നവരും കേരളത്തിലുണ്ട്. തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകള്‍ എന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഉദ്യോഗസ്ഥരുടെ വര്‍ഗീയ മനോഭാവത്തിനനുസരിച്ച് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കേരളാ പോലിസില്‍ സംഘപരിവാര സഹയാത്രികരായ പോലിസുകാരുടെ എണ്ണം കൂടിവരികയാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ബിജെപിക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. കേസുകളും നിയമ നടപടികളും വിവേചന രഹതമായി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.