അന്യായ നികുതി വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി
തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കുന്ന അന്യായ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും സമരപരിപാടികള്‍ സംഘടിപ്പിച്ചത്.
'ഇടതുസര്‍ക്കാരിന്റെ ഈ കൊള്ള ഇനിയും ജനങ്ങള്‍ സഹിക്കണമോ?' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് മേലുള്ള ഇരുട്ടടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അന്യായ നികുതി വര്‍ധനവ്. അടിസ്ഥാന ഭൂനികുതി പരിഷ്‌കരണം കുറഞ്ഞ അളവില്‍ ഭൂമിയുള്ളവരെയും ബാധിക്കും. നിലവിലെ നികുതിയേക്കാള്‍ ഇരട്ടിയോളമാണ് വര്‍ധന. ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഹരിത നികുതിയില്‍ നിന്ന് ഡീസല്‍ ഓട്ടോറിക്ഷകളെ ഒഴിവാക്കുമെന്നായിരുന്നു ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, നിയമസഭ പാസാക്കിയ ധനബില്ലില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് 500 രൂപ ഹരിത നികുതി ചുമത്തുകയാണ് ചെയ്തിരിക്കുന്നത്.
കരമന, കമലേശ്വരം, മാണിക്കല്‍, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, തൊളിക്കോട്, നെടുമങ്ങാട്, പൂവ്വാര്‍, കിഴുവിലം എന്നിവിടങ്ങളില്‍ പ്രതിഷേധ പരിപാടി നടന്നു.
വിവിധയിടങ്ങളിലെ പ്രതിഷേധ പരിപാടികളില്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീല്‍ കരമന, നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ജില്ലാ കമ്മിറ്റിയംഗം കുന്നില്‍ ഷാജഹാന്‍, മണ്ഡലം നേതാക്കളായ ഖാദര്‍ കോവളം, നസീറുദ്ദീന്‍ മരുതിക്കുന്ന്, നാസര്‍ നെടുമങ്ങാട് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.