കാത്തിരിപ്പുകള്‍ക്ക് വിരാമം; ബാലരാമപുരം ടൗണ്‍ വാര്‍ഡിലെ ഇടവഴികള്‍ ഇന്റര്‍ലോക്ക് പാകി
ബാലരാമപുരം: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് ടൗണ്‍ വാര്‍ഡിലെ ബിസ്മി ഹോട്ടല്‍, സുപ്രിയ, പഴയകട ഇടവഴികള്‍ ഇന്റര്‍ലോക്ക് പാകി സഞ്ചാരയോഗ്യമാക്കി. എസ്.ഡിപിഐ ടൗണ്‍ വാര്‍ഡ് മെമ്പര്‍ എം സക്കീര്‍ ഹുസയ്‌ന്റെ നിതാന്ത പരിശ്രമമാണ് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നത്. ടൗണ്‍ മസ്ജിദിന്റെ മുന്‍വശത്തു നിന്നും ശാലിഗോത്ര തെരുവ് വഴി കല്ലമ്പലം ഹൈവേയിലേക്ക് കാല്‍നട, ഇരുചക്ര വാഹന യാത്രക്കാര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ ഇടവഴികളെയായിരുന്നു. ഇടവഴികളിലെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കഴിഞ്ഞ 15 വര്‍ഷം വാര്‍ഡ് ഭരിച്ചവരോട് സ്ഥലവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ശാശ്വത പരിഹാരം കാണുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എം സക്കീര്‍ ഹുസയ്ന്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 13,50,000 രൂപ ഉപയോഗിച്ചാണ് റോഡ് അറ്റകുറ്റപ്പണി നടത്തി ഇന്റര്‍ലോക്ക് പാകി നവീകരിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടിന് വാര്‍ഡ് മെംബര്‍ സക്കീര്‍ ഹുസയ്ന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുകയും ചെയ്തു. എസ് ഡിപിഐ കോവളം മണ്ഡലം പ്രസിഡന്റ് ഷാഹിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനകീയ ഉദ്ഘാടന സമ്മേളനത്തില്‍ പഴയകടയിലെ മുതിര്‍ന്ന അംഗം സുബൈര്‍ ശിലാഫലകം അനാഛാദനം ചെയ്തു. ടൗണ്‍ മസ്ജിദ് പ്രസിഡന്റ് സുബൈര്‍, സെക്രട്ടറി ഹാജ, മുന്‍ പ്രസിഡന്റ് കമാല്‍ ഹാജി, ജമാഅത്ത് മെംബര്‍ ഫക്രുദ്ദീന്‍, കബീര്‍, എസ് ഡിപിഐ കോവളം മണ്ഡലം ജോയിന്‍ സെക്രട്ടറി ഷെഫീഖ്, എസ് ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാഷിം, സെക്രട്ടറി ഷാജി, എസ് ഡി പി ഐ പൂവ്വാര്‍ കമ്മിറ്റി പ്രസിഡന്റ് കാദര്‍ സംസാരിച്ചു.