വി ടി രാജശേഖര്‍: ജാതി മേധാവിത്വത്തിനും ചൂഷണങ്ങള്‍ക്കുമെതിരേ ജീവിതം സമര്‍പ്പിച്ച നിര്‍ഭയ പോരാളി: വി പ്രഭാകരന്‍
തിരുവനന്തപുരം: ജാതി മേധാവിത്വത്തിനും ചൂഷണങ്ങള്‍ക്കുമെതിരേ ജീവിതം സമര്‍പ്പിച്ച നിര്‍ഭയ പോരാളിയായിരുന്നു ദലിത് വോയ്സ് പത്രാധിപരായിരുന്ന വി ടി രാജശേഖറെന്ന് പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വി പ്രഭാകരന്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും ദലിത് വോയ്സ് പത്രാധിപരുമായിരുന്ന വി ടി രാജശേഖറിനെ അനുസ്മരിക്കുന്നതിനായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ഇന്ത്യയില്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ പൊളിച്ചെഴുത്ത് നടത്തിയ മഹാ വ്യക്തിത്വമായിരുന്നു വി ടി. രാജ്യത്തെ വലിയൊരു വിഭാഗത്തിന് ജാതി വ്യവസ്ഥയെന്നത് രാഷ്ട്രീയ-സാമ്പത്തിക മൂലധനവും മറ്റു ചില വിഭാഗങ്ങളുടെ അടിമത്വത്തിന് ഹേതുവുമാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ആധിപത്യമാണ് സവര്‍ണ വിഭാഗം ലക്ഷ്യം വെക്കുന്നത്. ചിന്തയും ചിന്തിക്കാന്‍ പ്രേരിപ്പിക്കലും പാടില്ലെന്നാണ് രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടം പറയുന്നത്.
ചിന്തിക്കുകയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെയും നിശബ്ദമാക്കുകയാണ്. ഇത് സമൂഹത്തോട് തുറന്ന് പ്രഖ്യാപിച്ച ധിഷണാ ശാലിയായ എഴുത്തുകാരനായിരുന്നു വി ടി രാജശേഖറെന്ന് അദ്ദേഹം അനുസ്മരിച്ചു. ബ്രാഹ്‌മണ മേധാവിത്വത്തിനെതിരായ പോരാട്ടമായിരുന്നു വി.ടിയുടെ ജീവിതമെന്നും ഡോ. ബാബാ സാഹബ് അംബേദ്കറുടെ വേര്‍പാടിനു ശേഷമുണ്ടായ ശൂന്യത നികത്തിയത് അദ്ദേഹമായിരുന്നെന്നും പ്രമുഖ എഴുത്തുകാരന്‍ ജെ രഘു അനുസ്മരിച്ചു. ബ്രാഹ്‌മണ്യം ഇതര ജനതയുടെ ആയുസിനെ പോലും അപഹരിക്കുകയാണെന്നും ഇതിനായി സൈക്കോളജിക്കല്‍ സ്ട്രസ് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. ബാബുരാജന്‍ തകഴി, ബി ബിജ്‌ലി, കെ ഐ ഹരി, പി കെ ഉസ്മാന്‍, സിയാദ് കണ്ടല സംസാരിച്ചു.