വര്‍ക്കലയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അഞ്ചുപേരുടെ സംസ്‌കാരം ഇന്ന്

Update: 2022-03-12 03:36 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപ്പിടിച്ച് ദാരുണമായി മരിച്ച അഞ്ചുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇവരുടെ മൃതദേഹങ്ങള്‍ വിലാപയാത്രയായി അപകടം നടന്ന വീട്ടിലെത്തിക്കും. ഉച്ചയോടെ അപകടം നടന്ന വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലായിരിക്കും സംസ്‌കാരം. അഭിരാമിയുടെ പിതാവ് വിദേശത്തുനിന്ന് ഇന്നലെ രാത്രിയോടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. അഭിരാമിയുടെയും മകന്റെയും മൃതദേഹം വക്കത്തെ വീട്ടിലും ബാക്കി മൂന്ന് പേരുടെ മൃതദേഹം വര്‍ക്കലയിലും പൊതുദര്‍ശനത്തിന് വയ്ക്കും. അപകട കാരണം കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് പോലിസ്.

തീപ്പിടിത്തം നടന്നത് കഴിഞ്ഞ ദിവസം പോലിസ് പുനരാവിഷ്‌കരിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പോലിസും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫോറന്‍സിക്കും ചേര്‍ന്നാണ് തീപ്പിടിത്തം പുനരാവിഷ്‌കരിച്ചത്. തീ പടര്‍ന്നതിന്റെ ഉറവിടം കണ്ടെത്താന്‍ ഫോറന്‍സിക് ഫലമെത്തണം. തീ പടര്‍ന്നത് കാര്‍ പോര്‍ച്ചില്‍നിന്നോ വീട്ടിനുള്ളില്‍ നിന്നോ ആവാമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നിഹുലിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും മരുന്നുകളോട് നിഹുല്‍ പ്രതികരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Similar News