വട്ടിയൂർക്കാവ്: വോട്ടെണ്ണൽ 12 റൗണ്ടുകളിലായി; ആദ്യ ഫലസൂചന എട്ടരയോടെ
വരണാധികാരിയുടേയും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്നു മുതൽ 14 വരെ പോളിങ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും.
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കലക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.
14 ടേബിളുകളിലാണ് ഒരു റൗണ്ടിൽ വോട്ടെണ്ണൽ നടക്കുന്നത്. ഇങ്ങനെ 12 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇതിനു പുറമേ ഓരോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽനിന്നുമുള്ള തത്സമയ ട്രെൻഡ് www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ലഭിക്കും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ വെബ്‌സൈറ്റിൽ നൽകാനാകുമെന്നാണ് പ്രതീക്ഷ.
രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ എട്ടു മണിയോടെ സ്‌ട്രോങ് റൂമുകൾ തുറക്കും. വരണാധികാരിയുടേയും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്നു മുതൽ 14 വരെ പോളിങ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും. ഈ റൗണ്ട് പൂർത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളും എത്തിക്കും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നതു നറുക്കിട്ടാകും തീരുമാനിക്കുക. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞ ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം.
വോട്ടെണ്ണൽ കേന്ദ്രത്തിനു ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരേയും സ്ഥാനാർഥികളേയും സ്ഥാനാർഥികളുടെ ഏജന്റുമാരെയും മാധ്യമ പ്രവർത്തകരേയും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മുഖ്യ കവാടത്തിനകത്തേക്കു കടത്തിവിടൂ. പാസ് മുഖേനയാകും പ്രവേശനം.