വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനെ തുണച്ചത് രണ്ട് ഘടകങ്ങള്‍

എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായരുടെ ശരിദൂരമെന്ന വര്‍ഗീയ നിലപാടിന് യാതൊരു സ്വീകാര്യതയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായില്ലെന്നാണ്. സുകുമാരന്‍ നായരാണ് വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്.

Update: 2019-10-24 05:37 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനെ തുണച്ചത് രണ്ട് ഘടകങ്ങള്‍. ഒന്ന് മേയര്‍ എന്ന നിലയില്‍ വി കെ പ്രശാന്തിന്റെ പ്രതിച്ഛായ. രണ്ടാമതായി എന്‍എസ്എസ് പരസ്യമായി തന്നെ കോണ്‍ഗ്രസിന് വേണ്ടി, എല്‍ഡിഎഫിന് എതിരെ വന്നതാണ്. വട്ടിയൂര്‍കാവില്‍ ആദ്യഘട്ടം മുതലുള്ള എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായരുടെ ശരിദൂരമെന്ന വര്‍ഗീയ നിലപാടിന് യാതൊരു സ്വീകാര്യതയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായില്ലെന്നാണ്. സുകുമാരന്‍ നായരാണ് വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്. നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ വിലയിരുത്തലാണ് ഫലം പുറത്തുവരുമ്പോള്‍ ശരിയായത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എന്‍.എസ്.എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തില്‍ സാമുദായിക വോട്ടുകള്‍ക്ക് വലിയ പ്രാധാന്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുവാക്കളാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക എന്നാണ് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നത്.

പ്രാദേശിക എന്‍എസ്എസ് നേതാക്കള്‍ എല്‍ഡി എഫിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തിയത്. സുകുമാരന്‍ നായരുടെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന മട്ടിലായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രതികരണം. എന്‍എസ്എസ്സിന്റെ രാഷ്ട്രീയ പ്രസ്താവനകളെ പരസ്യമായി പിന്തുണച്ചുകൊണ്ട് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സാമൂദായിക രാഷ്ട്രീയത്തോടുള്ള വിധേയത്വം പരസ്യമായി വെളിപ്പെടുത്തുകയായിരുന്നു. നായര്‍ വോട്ടര്‍മാര്‍ ഏറെയുള്ള വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ്സിന്റെ നിലപാട് അവര്‍ പ്രതിനിധീകരിക്കുന്നുവെന്ന് പറയുന്ന സമുദായ അംഗങ്ങള്‍ പോലും സ്വീകരിച്ചില്ലെന്നതാണ് ഫലം വ്യക്തമാക്കുന്നത്. കോന്നിയിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെയും എല്‍ഡിഎഫിന് ഉണ്ടാക്കിയ നേട്ടം എന്‍എസ്എസിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ്. ശക്തമായ തിരിച്ചടിയാണ് യുഡിഎഫിന് ശക്തി കേന്ദ്രങ്ങളില്‍ ലഭിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രകടനവും വര്‍ഗീയ നിലപാടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണ്. സാമുദായിക രാഷ്ട്രീയത്തിന് ഏറ്റ പരാജയം തന്നെയാണ് ഫല സൂചനകള്‍ നല്‍കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടാക്കിയ നേട്ടം ശബരിമലയും എന്‍എസ്എസ് ഇടപെടലുമാണെന്ന സിദ്ധാന്തം പൊളിഞ്ഞടുങ്ങുന്നതിന്റെ സൂചനയാണ് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ നിന്ന് ലഭിക്കുന്ന ആദ്യ സൂചനകള്‍. കേരള രാഷ്ട്രീയത്തിന്റെ താക്കോല്‍ തന്റെ പക്കലാവും ഇനിയെന്ന സുകുമാരന്‍ നായരുടെ തോന്നലിനേറ്റ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന നീക്കിബാക്കിയെന്ന സൂചനയാണ് ആദ്യ സൂചനകള്‍ തരുന്നത്. അതിനെ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേകിച്ച് കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതാണ് പ്രധാന വിഷയം.

Tags:    

Similar News