ആദിവാസികളായ കുട്ടികൾക്ക് ഓൺലൈൻ പഠനമൊരുക്കി 'വിജ്ഞാന വനിക'

ഗ്രാമപഞ്ചായത്തിലെ ചോനാംപാറ, എലിമല വാർഡുകളിലെ മാങ്കോട്, വാലിപ്പാറ, മുളമൂട്, അരിയാവിള, കൈതോട്, ചോനാംപാറ, പാങ്കാവ് എന്നീ സെറ്റിൽമെന്റ് കോളനികളിലെ 10 കുട്ടികളാണ് പഠനത്തിനെത്തുന്നത്.

Update: 2020-07-04 12:00 GMT

കാട്ടാക്കട: വനത്തിൽ താമസിക്കുന്ന കുട്ടികളും ഇപ്പോൾ ഓൺലൈനിലാണ്. വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾ കണ്ടും ഗൃഹപാഠങ്ങൾ പൂർത്തിയാക്കിയും അവർ അക്ഷര ഭാവിക്കായി ഒത്തുചേരുകയാണ്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ച് ഓഫീസിലാണ് കൊവിഡ് കാലത്ത് ആദിവാസികളായ കുട്ടികൾക്ക് വേണ്ടി പഠനമുറി ഒരുക്കി അതിജീവനത്തിന്റെ നൂതന മാതൃകയൊരുക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ ചോനാംപാറ, എലിമല വാർഡുകളിലെ മാങ്കോട്, വാലിപ്പാറ, മുളമൂട്, അരിയാവിള, കൈതോട്, ചോനാംപാറ, പാങ്കാവ് എന്നീ സെറ്റിൽമെന്റ് കോളനികളിലെ 10 കുട്ടികളാണ് പഠനത്തിനെത്തുന്നത്. എല്ലാവരും ഇനി പത്താം ക്ലാസുകാർ. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും ഹോസ്റ്റലുകളിൽ താമസിക്കുന്നവരും കൂട്ടത്തിലുണ്ട്. രാവിലെ 10ന് മുമ്പ് വനം വകുപ്പ് വാഹനം സെറ്റിൽമെൻറുകളിലെത്തി കുട്ടികളെ കൊണ്ടുവരും. ക്ലാസ് തീർന്നാൽ ഗൃഹപാഠങ്ങൾ പൂർത്തിയാക്കാൻ ജീവനക്കാർ സഹായിക്കും. തുടർന്ന് നേരത്തെ സംപ്രേഷണം ചെയ്ത ക്ലാസുകൾ കണ്ട് ഗൃഹപാഠങ്ങൾ പൂർത്തിയാക്കും.

വൈകീട്ട് 4 വരെ പ്രയാസമുള്ള വിഷയങ്ങൾക്ക് ജീവനക്കാർ തന്നെ നേരിട്ട് ക്ലാസെടുക്കുകയും ചെയ്യാറുണ്ട്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിഷാ കൃഷ്ണനും ഫോറസ്റ്റ് ഓഫീസർ കെ സി സിനുകുമാറുമൊക്കൊ ചിലപ്പോൾ അധ്യാപകരാറുമുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുട്ടികൾക്ക് ഉച്ചഭക്ഷണമുൾപ്പെടെ നൽകുന്നുണ്ട്.

നാല് മണിയോടെ കുട്ടികളെ തിരികെ വീട്ടിലെത്തിക്കും.' വിജ്ഞാന വനിക ' എന്നാണ് പദ്ധതിയുടെ പേര്. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കുട്ടികളുടെ വീടുകളിൽ ടെലിവിഷനില്ലാത്തതിനാലാണ് ഇത്തരത്തിൽ ഇ-ലേണിംഗ് പഠനകേന്ദ്രം തുറക്കാൻ തയാറായതെന്ന് ഫോറസ്റ്റ് ഓഫീസർ സിനുകുമാർ പറഞ്ഞു. ശനിയാഴ്ചകളിൽ 13 കുട്ടികൾ കംപ്യൂട്ടർ പഠനത്തിനും എത്തുന്നുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എസ് ജവാദ്, സമഗ്രശിക്ഷ കാട്ടാക്കട ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ ശ്രീകുമാർ, ബിആർസി പരിശീലകൻ എ എസ് മൻസൂർ, അധ്യാപകരായ ഷിബു, വി എസ് ജയകുമാർ എന്നിവർ കഴിഞ്ഞ ദിവസം പഠനകേന്ദ്രം സന്ദർശിച്ചു.

Tags:    

Similar News