തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; കലക്ടറോട് വിശദീകരണം ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍
നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പോലും വിതരണ കേന്ദ്രത്തില്‍ ആരും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ഉടനീളം കൊവിഡ് മാനദണ്ഡം പാലിക്കുമെന്ന് പറയുന്നതിനിടെയാണ് തലസ്ഥാന ജില്ലയില്‍ തന്നെ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്.
രാവിലെയുണ്ടായ പ്രശ്നം പരിഹരിച്ചതായി കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പേടി കൂടാതെ എല്ലാവരും നാളെ പോളിംഗ് ബൂത്തിലെത്തണം. പോസ്റ്റല്‍ വോട്ട് അപേക്ഷക്ക് ഒരു സ്ഥലത്ത് മാത്രം അപേക്ഷ നല്‍കിയാല്‍ മതിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനുളള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിലാണ് രാവിലെ തിക്കും തിരക്കുമുണ്ടായത്. കൊവിഡ് നിയന്ത്രണങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിതരണ കേന്ദ്രത്തില്‍ തടിച്ച് കൂടിയത്.