മാള: കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഷീജാ രാജുവിന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി ആയുധങ്ങളുമായി അതിക്രമിച്ചുകയറിയാണ് ആക്രമണം നടത്തിയത്. മടത്തുംപടിയിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന
ടെമ്പോയുടെ ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും വീടിനുനേരെ കല്ലേറ് നടത്തുകയും ചെയ്ത പതിനഞ്ചോളം വരുന്ന സംഘം ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പ്രദേശത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഒരു സംഘം ഒഴിഞ്ഞ് കിടക്കുന്ന ഒരു വീട്ടില്‍ തമ്പടിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമത്തിലെത്തിച്ചത്.
ഏതാനും മാസങ്ങളായി പൊതു ജീവിതത്തിന് ശല്യമായി തീര്‍ന്നിരിക്കുകയാണ് ഈ സംഘം. അക്രമിസംഘം പോലീസ് എത്തുമ്പോഴെക്കും രക്ഷപ്പെട്ടു. കഴിഞ്ഞവര്‍ഷം മുറ്റത്ത്പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോവാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു. ഇത് സംബന്ധിച്ച് പോലിസില്‍ പരാതി കൊടുത്തിരുന്നു.പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിസ്സംഗതയാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തിലെത്തിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള പുലയര്‍ മഹാസഭ തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. പി വി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗം ടി എസ് റെജികുമാര്‍, ശാന്താ ഗോപാലന്‍, പി എ അജയഘോഷ്, ഇ ജെ തങ്കപ്പന്‍, പി എന്‍ സുരന്‍, വി എസ് ആശുദോഷ്, പി എ രവി, കെ സി സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.