ചെര്‍പ്പുളശ്ശേരിയില്‍ വീട് കുത്തിതുറന്ന് മോഷണം: പ്രതികള്‍ പിടിയില്‍

Update: 2021-11-05 14:09 GMT

ചെര്‍പ്പുളശ്ശേരി: 26ാം മൈലില്‍ വീടിന്റെ പ്രധാന വാതില്‍ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികളെ ചെര്‍പ്പുളശ്ശേരി പോലിസ് മണ്ണാര്‍ക്കാട് നിന്ന് പിടികൂടി. കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട് പനയ്ക്കല്‍ ചന്ദ്രനും (മാത്യു- 63) താമരശ്ശേരി തച്ചംപൊയില്‍ കൂറപ്പൊയില്‍ വീട്ടില്‍ മുഹമ്മദ് നിസാറും (30) ആണ് പിടിയിലായത്. ഒക്ടോബര്‍ 11, 12 ദിവസങ്ങളിലായി റിട്ടയേഡ് അധ്യാപകന്‍ മാട്ടരബഷിറിന്റെ വിട്ടിലായിരുന്നു മോഷണം. ബഷീര്‍ ഒരുമാസത്തോളമായി ബംഗളൂരുവിലുള്ള മകന്റെ കൂടെയായിരുന്നു താമസം. 11 ന് പ്രതികള്‍ വീട്ടിലെത്തി പ്രധാന വാതില്‍ തകര്‍ത്ത് അകത്തുകയറിയെങ്കിലും വിലപിടിപ്പുള്ളത് വീട്ടില്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.

ഷെഡില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ അവര്‍ കൈലാക്കി. അടുത്ത ദിവസം വിട്ടുജോലിക്കാരിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബന്ധുക്കള വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പോലിസില്‍ പരാതി നല്‍കി. അന്നേ ദിവസം രാത്രി പ്രതികള്‍ പെട്രോളുമായെത്തി ഷെഡിലുള്ള കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും കാറില്‍നിന്നുണ്ടായ അലാറം കേട്ട് അടുത്ത വീടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷണശ്രമം ഉപേക്ഷിച്ച് പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പോലിസ് പറയുന്നതിങ്ങനെ.. പിടിയിലായ പ്രതി ചന്ദ്രന് മൂന്ന് സംസ്ഥാനങ്ങളിലായി 30 ലധികം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. സമീപകാലത്തായി കാറല്‍മണ്ണ, അമ്പലപ്പാറ എന്നിവിടങ്ങളില്‍ നടന്ന മോഷണത്തിലും പങ്കുണ്ട്. 

മോഷണ വീട്ടില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്കെത്തിയതെന്ന് പോലിസ് പറഞ്ഞു. മുക്കുപണ്ടം പണയംവച്ച കേസിലെ പ്രതിയായ വ്യക്തിയുടെ സൂചനകള്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഈ പ്രതികളിലേക്ക് എത്തുകയായിരുന്നു. ഇവര്‍ ഒരേ സമയത്ത് ജയിലിലുണ്ടായിരുന്നവരാണ്. പ്രതികളെ ഇന്‍സ്‌പെക്ടര്‍ എം സുജിത്തിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്‌ഐമാരായ സുനില്‍, ജലീല്‍, അബ്ദുസലാം, എഎസ്‌ഐ ഉണ്ണികൃഷ്ണന്‍ പോലിസ് ഉദ്യോഗസ്ഥരായ സജി റഹ്മാന്‍, ഷാഫി, വിനു ജോസഫ്, ശശിധരന്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News