പുളിപ്പറമ്പിലെ അനധികൃത നിര്‍മ്മാണം; മതില്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പുളിപ്പറമ്പ് ഉടുമ്പ് തുരുത്തിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ബി എഡ് കോളജ് അനധികൃതമായി പുറമ്പോക്കില്‍ നിര്‍മ്മിച്ച മതിലാണ് പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവായത്.

Update: 2022-06-23 15:26 GMT

മാള: സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃതമായി കെട്ടിയ മതില്‍ പൊളിച്ച് നീക്കാന്‍ കോടതി ഉത്തരവ്. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പുളിപ്പറമ്പ് ഉടുമ്പ് തുരുത്തിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ബി എഡ് കോളജ് അനധികൃതമായി പുറമ്പോക്കില്‍ നിര്‍മ്മിച്ച മതിലാണ് പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവായത്. നാട്ടുകാരായ പുളിപ്പറമ്പിലെ ജനങ്ങളും പാടശേഖര സമിതിയും ചേര്‍ന്നാണ് കൈയ്യേറ്റക്കാര്‍ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ആറ് കോടി രൂപ ചെലവഴിച്ച് 10 വര്‍ഷത്തോളം മുന്‍പ് കെഎല്‍ഡിസി നിര്‍മ്മിച്ച തോടിനോട് ചേര്‍ന്നുള്ള ബണ്ട് റോഡാണ് ഇവര്‍ മതില്‍ കെട്ടി തിരിച്ച് സ്വന്തമാക്കിയത്. തലമുറകളായി നാട്ടുകാര്‍ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന പാടവരമ്പ് പോലും ഇവര്‍ അടച്ചുകെട്ടിയതിനെതിരേ നാട്ടുകാരില്‍ വലിയ തോതിലുള്ള പ്രതിഷേധമാണുള്ളത്.

കാര്‍ഷീക മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് കെഎല്‍ഡിസി ബൃഹത്ത് പദ്ധതി നടപ്പിലാക്കിയത്. കണ്ണംച്ചിറ മുതല്‍ എലിച്ചിറ വരെ നാലര കിലോമീറ്ററോളം നീളത്തിലാണ് റോഡിന്റെ ഇരുവശത്തുമായി ബണ്ട് റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബണ്ട് റോഡ് കയ്യേറി അടച്ചുകെട്ടിയതിനാല്‍ കര്‍ഷകര്‍ വലിയ ദുരിതമാണനുഭവിക്കുന്നത്. പാടം ഉഴുത് മറിക്കുന്നതിനായുള്ള സംവിധാനങ്ങളെത്തിക്കാനും ഞാറും മറ്റ് സാധനങ്ങളും എത്തിക്കാനാകാത്ത അവസ്ഥയാണ്. കൂടാതെ നൂറുകണക്കിന് കര്‍ഷകരുടെ സഞ്ചാര മാര്‍ഗ്ഗവുമടഞ്ഞിരിക്കയാണ്. കര്‍ഷകരുടെ വാക്കാലുള്ള സമ്മതത്തോടെയാണ് കെഎല്‍ഡിസി ഈ റോഡുകളുടെ നിര്‍മ്മാണം നടത്തിയത്. തുടക്കത്തില്‍ ചില കര്‍ഷകര്‍ എതിര്‍പ്പ് പറഞ്ഞെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലിലൂടെ അതെല്ലാം തീര്‍ത്താണ് പണി നടത്തിയത്. റോഡിന്റെ നിര്‍മ്മാണ വേളയില്‍ ഈ കോളജ് കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദി പ്രചാര സഭയുടെ കീഴിലായിരുന്നു. കോളജ് അധികൃതരുടെ സമ്മതത്തോടെയാണ് റോഡ് പണിതത്. എന്നാല്‍ രണ്ട് വര്‍ഷത്തോളം മുന്‍പ് ഈ കോളജ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎഫ്‌ഐ ചാരിറ്റബിള്‍ എന്ന ടീമാണ് വാങ്ങിയിട്ടുള്ളത്. ഇവരുടെ പ്രവൃത്തിയാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണം. തങ്ങളുടെ പൂര്‍വ്വികരായവര്‍ തലമുറകളായി കറ്റയും ഞാറും ചുമന്ന് കൊണ്ട് പോയിരുന്ന ഒരു മീറ്റര്‍ വീതിയിലുള്ള പാടവരമ്പ് പോലും കൈയ്യേറിയിരിക്കയാണ്.

ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. മൂന്ന് യുവാക്കള്‍ കോളേജ് മാനേജരോട് ഇക്കാര്യം സംസാരിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലിസില്‍ കള്ളക്കേസ് കൊടുത്തിവരെ അറസ്റ്റ് ചെയ്യിപ്പിച്ചു. അന്നത്തെ വാര്‍ഡംഗം ഇടപെട്ടാണിവരെ ജാമ്യത്തിലറക്കിയത്. എന്നാല്‍ നിലവിലുള്ള വാര്‍ഡംഗം അടക്കം ഗ്രാമപ്പഞ്ചായത്ത് കൈയ്യേറ്റക്കാര്‍ക്കൊപ്പമാണ്. ജനങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മതില്‍ നിര്‍മ്മാണത്തിനെതിരെ സ്‌റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും തീരദേശ പരിപാലന ചട്ടമടക്കം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തികരിക്കുകയാണുണ്ടായത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വലിയ വള്ളങ്ങള്‍ പോയിരുന്നതും 15 മീറ്റര്‍ വീതിയുണ്ടായിരുന്നതുമായ തോട് മൂന്ന് മീറ്ററായി ചുരുങ്ങിയത് കൂടാതെയാണീ കയ്യേറ്റവും. ചാരിറ്റിയുടെ ഭാഗമായി ലഭ്യമാകുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ച് നാട്ടിലെ കാര്‍ഷിക മേഖലയെ തകര്‍ക്കാനായി ഉപയോഗിക്കുയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സമര സമിതി നേതാക്കളായ കെ എ ജോസ്, സി ടി സേവ്യാര്‍, സി എന്‍ സുധാര്‍ജുനന്‍, ഫ്രാന്‍സിസ് ടി കാളിയാടന്‍, തോമസ് കാളിയാടന്‍, പോളച്ചന്‍ പഞ്ഞിക്കാരന്‍ തുടങ്ങിയവര്‍ ആരോപിച്ചു.

Tags:    

Similar News