തൃശൂര്‍: ബിജെപി പ്രവര്‍ത്തകനായ കോന്നാടത്ത് ജിത്തു എന്ന കുഞ്ഞന്റെ പക്കല്‍നിന്ന് കണ്ടെത്തിയ 1,79,000/ രൂപയുടെ കള്ളനോട്ടുകളുടെ ഉറവിടവും ഇതിനു പിന്നിലെ ബിജെപി നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് ആവശ്യപ്പെട്ടു. ബുധനാഴ്ച കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ കരൂപ്പടന്നയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കുപറ്റി ചികില്‍സയിലിരിക്കെയാണ് മേത്തല വടശ്ശേരി കോളനിയില്‍ താമസിക്കുന്ന ജിത്തുവിന്റെ പക്കല്‍നിന്ന് കള്ളനോട്ട് കണ്ടെടുത്തത്.
ഇതിന് മുമ്പ് 2017 ജൂണില്‍ തൊട്ടടുത്ത മണ്ഡലമായ കൈപ്പമംഗലത്ത് യുവമോര്‍ച്ചയുടെ എസ്എന്‍ പുരം കിഴക്കന്‍ മേഖലാ പ്രസിഡന്റായിരുന്ന രാകേഷ് ഏറാശ്ശേരിയെയും സഹോദരനും ബിജെപിയുടെ ഒബിസി മോര്‍ച്ച കൈപ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായിരുന്ന രാജേഷ് ഏറാശ്ശേരിയെയും വീട്ടില്‍നിന്ന് 1,50,000/ രൂപയുടെ കള്ളനോട്ടും അച്ചടി സാമഗ്രികളുമായി അറസ്റ്റുചെയ്തിരുന്നു. ഇതിനുശേഷം 2019 സപ്തംബറില്‍ കൊടുവള്ളിയില്‍ 1,40,000/ രൂപയുടെ കള്ളനോട്ടുമായും 2019 നവംബറില്‍ അന്തിക്കാട് 54 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നാമതും ഇവരെ പോലിസ് അറസ്റ്റുചെയ്തിരുന്നു.
ബിജെപി ഉന്നത നേതൃത്വങ്ങളുമായി ബന്ധമുള്ള ഇവരെ മൂന്നുവട്ടം അറസ്റ്റുചെയ്തിട്ടും പോലിസും സര്‍ക്കാരുകളും ഇവരുടെ ഉന്നതബന്ധം അന്വേഷിക്കുകയോ പ്രതികള്‍ക്കെതിരേ അനുയോജ്യമായ കേസുകളോ രാജ്യദ്രോഹ വകുപ്പുകളൊന്നുംതന്നെ ചുമത്തപ്പെട്ടില്ല. കള്ളനോട്ടടി രാജ്യദ്രോഹമായതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടാതിരുന്നതും നോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി ഒതുക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയും ദുരൂഹത ഉണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസില്‍ ഇപ്പോള്‍ പിടിയിലായ (ജിത്തു) ബിജെപി പ്രവര്‍ത്തകന് മേല്‍കേസിലെ പ്രതികളുമായുള്ള ബന്ധവും ബിജെപി നേതാക്കളുടെ പങ്കും കണ്ടെത്തണം. തങ്ങള്‍ മാത്രമാണ് രാജ്യസ്‌നേഹികളെന്ന് സ്വയം അവകാശപ്പെടുകയും എന്നാല്‍ പിന്നാമ്പുറത്തുകൂടി രാജ്യദ്രോഹം ചെയ്യുന്ന ഇത്തരം രാജ്യദ്രോഹികളെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും ജനകീയ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.