തൃണമൂൽ നേതാവിന്റെ വീട്ടിൽ അന്വേഷണത്തിനെത്തിയ എൻഐഎ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. 2022ല്‍ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഭൂപതി നഗറിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയത്. ഇവരെത്തിയ കാറിനു നേരെ ഇഷ്ടികകള്‍ എറിയുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുടെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
2022 ഡിസംബര്‍ മൂന്നിന് ഭൂപതി നഗറില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എന്‍ഐഎ. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനായി കഴിഞ്ഞ മാസം എന്‍ഐഎ വിളിപ്പിച്ചിരുന്നു. എന്‍ഐഎയുടെ നടപടികള്‍ ബിജെപി ആസൂത്രണം ചെയ്തതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മാര്‍ച്ച് 28ന് എന്‍ഐഎ ഓഫിസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ ടിഎംസി നേതാവിന് സമന്‍സ് അയച്ചിരുന്നു എന്നാല്‍ ടിഎംസി നേതാവ് ഹാജരായില്ല. തുടര്‍ന്നാണ് എന്‍ഐഎ വീട്ടിലെത്തിയത്.
അറസ്റ്റിലായ സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക്കുമായി അടുത്ത ബന്ധമുള്ള സസ്‌പെന്‍ഷനിലായ പ്രാദേശിക തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് എന്‍ഐഎ സംഘത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ഷാജഹാന്‍ ഷെയ്ഖിനെ ഇഡി കൊണ്ടുപോകുന്നത് തടയാനായിരുന്നു നാട്ടുകാര്‍ ഇഡിയെ ആക്രമിച്ചത്. ഇതില്‍ മൂന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.