തൃശൂര്‍: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി അപകടത്തില്‍ മരിച്ച കേസില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറെ പോലിസ് ചോദ്യംചെയ്യുകയാണ്. തമിഴ്‌നാട് സ്വദേശി പരച്ചാമിയാണ് അപകടത്തില്‍ മരിച്ചത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സാണ് കുന്നംകുളത്തെത്തിച്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് തുടങ്ങിയ കാര്യങ്ങളാണ് പോലിസ് ചോദിച്ചറിയുന്നത്.
പുലര്‍ച്ചെ 5.30 നാണ് അപകടമുണ്ടായത്. നിലത്തുവീണയാളുടെ മുകളിലൂടെ വാഹനം കയറിപ്പോയാണ് അപകടം. പരച്ചാമിയെ ആദ്യം പിക് അപ്പ് വാന്‍ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതെത്തുടര്‍ന്നു പിക്കപ്പ് വാഹനവും കസ്റ്റഡിയിലെടുത്തു. രണ്ടു ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലിസ് നീക്കം.
കടയില്‍ നിന്ന് ചായ കുടിച്ചതിന് ശേഷം റോഡ് മുറിച്ചുകടക്കവെയാണ് പരച്ചാമി അപകടത്തില്‍പ്പെട്ടത്. വേഗതയിലെത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം റിപോര്‍ട്ടുകള്‍ വന്നത്. അപകടമുണ്ടാക്കിയ ബസ് നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തായത്.
പിക്കപ്പ് വാനിടിച്ച് 30 സെക്കന്റുകള്‍ക്ക് ശേഷമാണ് കെ സ്വിഫ്റ്റ് ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പുതിയതായി സര്‍വീസ് ആരംഭിച്ചതാണ് കെ സ്വിഫ്റ്റ്. ഫഌഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ രണ്ട് ബസ്സുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു.