മേധാപട്കര്‍ കസ്റ്റഡിയില്‍; അറസ്റ്റ് സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയതിനെതിരേ
ഡല്‍ഹി:പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയ മേധാപട്കര്‍ കസ്റ്റഡിയില്‍. ഡല്‍ഹി ഗുലാബ് വാതികയിലായിരുന്നു പ്രതിഷേധം. സോനം വാങ്ചുകിനേയും പ്രവര്‍ത്തകരെയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം. പ്രതിഷേധത്തെ തുടര്‍ന്ന് മേധാപട്കറെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഡാക്കിന് മേലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, ഭരണഘടനയിലെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സോനം വാങ് ചുക് പ്രക്ഷോഭം ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച ലെ- ഡല്‍ഹി ക്ലൈമറ്റ് മാര്‍ച്ചില്‍ 120 പേരടങ്ങുന്ന സംഘം നാലു സംസ്ഥാനങ്ങളിലായി ആയിരത്തിലധികം കിലോമീറ്ററുകള്‍ കാല്‍നടയായി മാര്‍ച്ച് നടത്തിവരികയാണ്. ഇന്ന് മാര്‍ച്ച് സമാപിക്കാനിരിക്കെയാണ് ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ നിന്നും സോനം വാങ്ചുക് അടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.