തൃശൂര്‍: വാടാനപ്പള്ളി പഞ്ചായത്തിലെ 18ാം വാര്‍ഡ് മെംബര്‍ നൗഫല്‍ വലിയകത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'സ്മാര്‍ട്ട് വാര്‍ഡ് പദ്ധതി' യിലേക്ക് വാടാനപ്പള്ളി ബീച്ചിലെ ടീം കൊക്കച്ചോട് നല്‍കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ഏറ്റുവാങ്ങി. അംഗങ്ങളായ നൈമുദ്ദീന്‍, സെയ്ദ്, റിയാസ് എന്നിവരില്‍നിന്നാണ് ഫോണുകള്‍ വാര്‍ഡ് മെംബര്‍ നൗഫല്‍ വലിയകത്ത് ഏറ്റുവാങ്ങിയത്. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കി സമ്പൂര്‍ണ ഓണ്‍ലൈന്‍ പഠനവാര്‍ഡ് എന്ന ലക്ഷ്യത്തിനായാണ് പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് ഇതുവരെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.
കൊവിഡാനന്തര വിദ്യാഭ്യാസ മേഖല പൂര്‍ണമായും ഓണ്‍ലൈന്‍വത്കരിച്ച സാഹചര്യത്തില്‍ നിരവധി വാര്‍ഡിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ മൗലികാവകാശമായ സൗജന്യ പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടാതെ സാഹചര്യം വരികയും സര്‍ക്കാര്‍ സംവിധാനത്തെ മാത്രം ആശ്രയിച്ച് ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് തന്റെ വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ് ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി 'സ്മാര്‍ട്ട് വാര്‍ഡ്' എന്ന പേരില്‍ പദ്ധതി ആരംഭിച്ചതെന്നും പദ്ധതിയുടെ വിജയത്തിലേക്ക് മുഴുവന്‍ സുമനസുകളുടെയും സഹായമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ഡ് മെംബര്‍ കൂടെയായ നൗഫല്‍ വലിയകത്ത് പറഞ്ഞു.