കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വ്യാപക പരിശോധന; മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ആയുധങ്ങളും കുഴിച്ചിട്ട നിലയില്‍

മഴു, കത്തികള്‍ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് തടവുകാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആയുധങ്ങളടക്കം പിടിച്ചെടുത്തത്.

Update: 2021-09-19 07:11 GMT

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പവര്‍ ബാങ്കുകളും കണ്ടെത്തി. മഴു, കത്തികള്‍ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെടുത്തത്. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് തടവുകാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആയുധങ്ങളടക്കം പിടിച്ചെടുത്തത്. ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് ജയില്‍ ഡിജിപി സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയപ്പോഴാണ് മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തത്.

രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍ ബാങ്കുകളും അഞ്ച് മൊബൈല്‍ ചാര്‍ജറുകളും പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ച ജയിലിനുള്ളിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ശനിയാഴ്ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ ജയില്‍ വളപ്പില്‍ വ്യാപകമായി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. മൂന്ന് സംഘമായി 45 ജയില്‍ ജീവനക്കാരാണ് പരിശോധനയില്‍ പങ്കെടുത്തത്. കാലാകാലങ്ങളായി സൂക്ഷിച്ച ആയുധങ്ങളെന്നാണ് പ്രാഥമിക നിഗമനം. ജയില്‍ വളപ്പില്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പിടിച്ചെടുത്ത മൊബൈലുകളില്‍ സിംകാര്‍ഡുകള്‍ ഇല്ലെന്നാണ് വിവരം. ചില തടവുകാര്‍ മൊബൈല്‍ ഒരിടത്തും സിംകാര്‍ഡ് മറ്റൊരിടത്തുമാണ് സൂക്ഷിക്കാറുള്ളത്. അതിനാല്‍, സിം കാര്‍ഡുകള്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ജയിലില്‍നിന്ന് പുറത്തേക്ക് വ്യാപകമായി കോളുകള്‍ പോവുന്നതായും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലില്‍നിന്ന് നിര്‍ദേശം നല്‍കുന്നതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തിയത്.

Tags:    

Similar News