സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തിലൂടെ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതി സപ്ലൈകോ നടപ്പാക്കുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ കൂട്ടിച്ചേര്‍ത്തു

Update: 2020-08-25 13:11 GMT

മാള: ഓണ വിപണിയിയിലെ സര്‍ക്കാരിന്റെ ശരിയായ ഇടപെടല്‍ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ആദ്യ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പൂപ്പത്തിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തിലൂടെ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതി സപ്ലൈകോ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതികൂല സാഹചര്യത്തിലും അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടില്ല. ന്യായവിലക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് സപ്ലൈകോ കമ്പോളത്തെ നിയന്ത്രിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രഖ്യാപിച്ച 14 അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. സപ്ലൈകോയുടെ എല്ലാ വിപണന കേന്ദ്രങ്ങളും കാലോചിതമായി നവീകരിക്കും. കമ്പോളത്തിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സപ്ലൈകോ വഴി ഇടപെട്ടു. സര്‍ക്കാരിനെതിരേ ഇല്ലാത്തതൊക്കെ ഉണ്ടാക്കി മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.

വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. പൊയ്യ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, സ്ഥിരം സമിതി അദ്ധ്യക്ഷയായ സരോജ വേണുശങ്കര്‍, ഹെന്‍സി ഷാജു, പി എം അയ്യപ്പന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സോനാ കെ കരീം, ജില്ലാ സപ്ലൈ ഓഫിസര്‍ അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സാധാരണ സ്‌റ്റോറുകളില്‍ നിന്ന് വ്യത്യസ്തമായി അരി, പഞ്ചസാര, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള അളവില്‍ മാവേലി സൂപ്പര്‍ സ്‌റ്റോറില്‍ നിന്ന് തൂക്കി വാങ്ങാം. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് ഇവിടെ നിന്നും സാധനങ്ങള്‍ സബ്‌സിഡി വിലക്ക് വാങ്ങാന്‍ കഴിയുക. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചക്ക് 2.30 മുതല്‍ രാത്രി ഏഴ് മണി വരെയുമാണ് സൂപ്പര്‍ സ്‌റ്റോറിന്റെ പ്രവര്‍ത്തനം. കൊറോണ കാലത്ത് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായി പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്.


Tags:    

Similar News