ശബ്ദ പ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണത്തിലേക്ക്
ഇരിങ്ങാലക്കുട മണ്ഡലം പിടിക്കാന്‍ യുഡിഎഫ് കച്ചകെട്ടിയിറങ്ങുമ്പോള്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്
മാള: ശബ്ദ പ്രചാരണം ഇന്നലെ വൈകീട്ട് ഏഴിന് അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിലേക്ക് മാറി സ്ഥാനാര്‍ത്ഥികളും മുന്നണികളും. വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എത്തുംവരെ എങ്ങിനെയെങ്കിലും വോട്ടുകള്‍ തങ്ങള്‍ക്കാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. 15ാം നിയമസഭയിലേക്ക് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ആര് വിജയിക്കുമെന്നത് വലിയ ചര്‍ച്ചാവിഷയമായിരിക്കയാണ്. രണ്ടാം അങ്കത്തിനായി എല്‍ഡിഎഫിലെ വി ആര്‍ സുനില്‍കുമാറെത്തി ആദ്യഘട്ടത്തില്‍ തന്നെ പ്രചാരണം ആരംഭിച്ച് മുന്നേറിയതിനാല്‍ പ്രചാരണ രംഗത്ത് വളരെയേറെ മുന്നേറിയെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. സി എസ് ശ്രീനിവാസനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന് ഒടുവില്‍ എം പി ജാക്‌സനാണെത്തിയത്. വേറെയും ആളുകള്‍ സ്ഥാനാര്‍ത്ഥിക്കുപ്പായത്തിനായി കാത്തിരുന്നെങ്കിലും ഇദ്ദേഹമെത്തിയതോടെ ആദ്യഘട്ടത്തില്‍ യുഡിഎഫ് ക്യാംപ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വൈകി. എങ്കിലും നേതാക്കളേയും പ്രവര്‍ത്തകരേയും ഉണര്‍ത്തിയതോടെ വേഗതയില്‍ മുന്നേറി വന്നു. ഓരോ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലും ദിവസത്തില്‍ മണിക്കൂറില്‍ പലവട്ടമെന്ന കണക്കിലാണ് പ്രചാരണ വാഹനങ്ങള്‍ കടന്നു പോയത്. അതോടൊപ്പം തന്നെ സ്‌ക്വാഡ് വര്‍ക്കുകളും സജീവമായിരുന്നു.
എങ്ങിനെയെങ്കിലും മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ക്യാംപ് മുന്നേറിയത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി സന്തോഷ് ചെറാക്കുളവുമെത്തി പ്രചാരണം അവസാന ഘട്ടത്തിലെത്തി. ആരോപണപ്രത്യാരോപണങ്ങളായി പ്രചാരണം തകൃതിയായാണ്. നിലവിലെ എംഎല്‍എയോടും സര്‍ക്കാരിനോടും എതിരഭിപ്രായമില്ലയെന്നതിനാല്‍ വി ആര്‍ സുനില്‍കുമാര്‍ തന്നെ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് ക്യാംപ് പറയുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ 22791 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി ആര്‍ സുനില്‍കുമാര്‍ വിജയിച്ചതെങ്കില്‍ ഇത്തവണയത് 30000 ത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിനായിരിക്കും വിജയമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 22 എല്‍ഡിഎഫ്, 21 എന്‍ഡിഎ, യുഡിഎഫ് ഒന്ന് എന്ന കണക്കിനാണ് കക്ഷിനില. എല്‍ഡിഎഫ് ജയിച്ചതില്‍ 20 ഇടങ്ങളില്‍ എന്‍ഡിഎ ആണ് രണ്ടാം സ്ഥാനത്താണ് വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫ് അവിടെ ശോഷിച്ചു. പൊയ്യ, വെള്ളാങ്കല്ലൂര്‍, മാള, പുത്തന്‍ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷം നേടും. അന്നമനട, കുഴൂര്‍ എന്നീ യു ഡി എഫ് അനുകൂല ഗ്രാമപഞ്ചായത്തുകളിലും മേല്‍ക്കൈ നേടുമെന്നാണ് എല്‍ ഡി എഫ് കണക്കുകൂട്ടല്‍. 2016 ല്‍ ആകെ പോള്‍ ചെയ്ത 147914 വോട്ടില്‍ 67909 വോട്ട് നേടിയാണ് നിയോജക മണ്ഡലം യു ഡി എഫില്‍ നിന്നും പിടിച്ചെടുത്തത്. രണ്ടാമതെത്തിയ യു ഡി എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ പി ധനപാലന് 45118 വോട്ടും എന്‍ ഡി എയിലെ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് 32793 വോട്ടും ബാക്കി മറ്റ് സ്ഥാനാര്‍ത്ഥികളും പങ്കിട്ടിരുന്നു. ആകെ പോള്‍ ചെയ്ത 147914 വോട്ടില്‍ 45.9 ശതമാനം വോട്ട് എല്‍ ഡി എഫിനും 30.5 ശതമാനം വോട്ട് യു ഡി എഫിനും 22 ശതമാനം വോട്ട് എന്‍ ഡി എ ക്കും ലഭിച്ചിരുന്നു. 671 പോസ്റ്റല്‍ വോട്ടുകളില്‍ 418 വോട്ട് എല്‍ ഡി എഫിനും 164 വോട്ട് യു ഡി എഫിനും 78 വോട്ട് എന്‍ ഡി എക്കും മൂന്ന് വോട്ട് നോട്ടക്കും ലഭിച്ചപ്പോള്‍ എട്ട് വോട്ടുകള്‍ അസാധുവായി. 1997 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാള നിയോജക മണ്ഡലത്തില്‍ വി കെ രാജനോട് പരാജയപ്പെട്ട കെ പി ധനപാലന്‍ 2016 ല്‍ വി കെ രാജന്റെ മകനായ വി ആര്‍ സുനില്‍കുമാറിനോടും ദയനീയമായി പരാജയപ്പെടുകയായിരുന്നു. അന്ന് വി കെ രാജനോട് 3500 ല്‍പ്പരം വോട്ടിനാണ് പരാജയപ്പെട്ടതെങ്കില്‍ മകനോട് പരാജയം ഏറ്റു വാങ്ങിയത് 22537 വോട്ടിനാണ്. പിതാവ് വി കെ രാജന്റെ പാത പിന്‍തുടര്‍ന്ന് ജനകീയനായ എം എല്‍ എയായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നിറഞ്ഞ് നിന്നിരുന്നതും 869 കോടി രൂപ നിയോജക മണ്ഡലത്തിനായി അനുവദിച്ചതുമായ വി ആര്‍ സുനില്‍കുമാറിനെ ജനം വീണ്ടും നിയമസഭയില്‍ എത്തിക്കുമെന്നാണ് എല്‍ ഡി എഫ് ക്യാമ്പിന്റെ അവകാശവാദം. അതേസമയം എം എല്‍ എയും സര്‍ക്കാരും തികഞ്ഞ പരാജയമാണെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ ആരോപണം. കൂടാതെ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാനും മറ്റുമായിരുന്ന എം പി ജാക്‌സനെ ജനം ഏറ്റെടുത്തെന്നാണ് യു ഡി എഫിന്റെ അവകാശവാദം. 5000 വോട്ടിനെങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. തങ്ങളുടെ വോട്ടിംഗ് നില മെച്ചപ്പെടുമെന്നാണ് എന്‍ഡിഎ ക്യാംപിന്റെ അവകാശവാദം.