മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

Update: 2022-02-03 15:06 GMT

മാള: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പിരാരൂര്‍ സ്വദേശികളായ കാച്ചപ്പിള്ളി പോള്‍സന്‍ (26) കന്നാപ്പിള്ളി റോമി (19) എന്നിവരെയാണ് പോലിസ് സംഘം ബുധനാഴ്ച രാത്രി വെള്ളാങ്കല്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വില്‍പ്പനക്കായി ബൈക്കിലെത്തിയ ഇരുവരെയും പോലിസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയില്‍ ഇവരില്‍നിന്ന് 2.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലേക്ക് മാരകമായ മയക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്നതിന്റെ കണ്ണികളാണ് ഇവരെന്ന് മനസ്സിലായതായി പോലിസ് പറയുന്നു.


സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഇത്തരത്തിലുളള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരും കഞ്ചാവില്‍നിന്ന് മാറി ന്യൂ ജനറേഷന്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളുമാണ്. ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ്, ഡാര്‍ക്ക് വെബ് എന്നിവ മുഖേനയാണ് ഉപയോഗിക്കുന്നവരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. പരീക്ഷാസമയത്ത് കുട്ടികള്‍ക്ക് ഓര്‍മശക്തി കുടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ ഇതിന്റെ ഇരകളാക്കിക്കൊണ്ടിരിക്കുകയാണ്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ്സിന്റെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എസ്‌ഐ എം പി മുഹമ്മദ് റാഫി, ഇരിങ്ങാലക്കുട എസ്‌ഐ വി ജിഷില്‍, എഎസ്‌ഐമാരായ പി ജയകൃഷ്ണന്‍, ക്ലീറ്റസ്, മുഹമ്മദ് അഷ്‌റഫ്, സീനിയര്‍ സിപിഒമാരായ സൂരജ് വി ദേവ്, ഇ എസ് ജീവന്‍, സിപിഒമാരായ പി വി വികാസ്, എം വി മാനുവല്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞമാസം തൃപ്രയാറില്‍നിന്ന് ഒരു കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് 33 ഗ്രാം എംഡിഎംഎ തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിങ്ങാലക്കുട ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു.

Tags:    

Similar News