പ്രതാപകാലം വീണ്ടെടുത്ത് വെണ്ണൂര്‍പ്പാടം പട്ടികജാതി ഡീ ഫൈബറിങ് വര്‍ക്കേഴ്‌സ് വ്യവസായ സഹകരണ സംഘം

Update: 2020-11-05 14:51 GMT

മാള(തൃശൂര്‍): പ്രതാപകാലം വീണ്ടെടുത്ത് വെണ്ണൂര്‍പ്പാടം പട്ടികജാതി ഡീ ഫൈബറിങ് വര്‍ക്കേഴ്‌സ് വ്യവസായ സഹകരണ സംഘം. അന്നമനട ഗ്രാമപഞ്ചായത്തിലെ മാള വെണ്ണൂര്‍പ്പാടം പട്ടികജാതി ഡീ ഫൈബറിംഗ് വര്‍ക്കേഴ്‌സ് വ്യവസായ സഹകരണ സംഘം പ്രതാപകാലം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്നു. 2017 ലെ കയര്‍ പുനഃസംഘടന പദ്ധതിയുടെ തുടര്‍ച്ചയായുള്ള നവീകരണ പ്രവര്‍ത്തനങ്ങളും ആധുനിക യന്ത്രസാമഗ്രികളുടെ ലഭ്യതയുമാണ് സംഘത്തിന് സഹായമായത്. രണ്ടാം കയര്‍ പുന:സംഘടനയുടെ ഭാഗമായി ഓട്ടോമാറ്റിക് സ്പിന്നിംഗ് ഡീഫൈബറിങ് കമ്പനികളില്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കയര്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്കില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 1993 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സംഘത്തില്‍ ആദ്യകാലത്ത് തൊണ്ട് തല്ലല്‍ മാത്രമാണുണ്ടായിരുന്നത്. അന്ന് എട്ട് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സംഘത്തിന് സ്വന്തമായുള്ള 78.3 സെന്റ് സ്ഥലവും കെട്ടിടവും എസ് സി പി ഫണ്ട് ഉപയോഗിച്ചാണ് സ്വന്തമാക്കിയത്. ലാഭകരമായി വ്യവസായം മുന്നോട്ടു പോയിരുന്നു. പിന്നീട് വ്യവസായം നഷ്ടത്തിലായതോടെ പ്രവര്‍ത്തനം കുറഞ്ഞു. കൂടുതല്‍ തൊണ്ട് അടിക്കാന്‍ പറ്റാതാവുകയും യന്ത്രങ്ങള്‍ സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ സാധിക്കാതാവുകയും ചെയ്തതോടെ സംഘം നഷ്ടത്തിലായി. 2006 മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചു.

    തുടര്‍ന്ന് 2020 ല്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘത്തില്‍ റീഫര്‍ബിഷ് ചെയ്ത ഡീഫൈബറിംഗ് മില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി. മണിക്കൂറില്‍ 1500 തൊണ്ടോ അല്ലെങ്കില്‍ ദിനംപ്രതി 10000 തൊണ്ടോ പ്രോസസിംഗ് ചെയ്യാവുന്ന മിഷനറിയാണ് ഇപ്പോള്‍ സംഘത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ സംഘത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ജോലി ചെയ്തു വരുന്നു. 35 അംഗങ്ങളുമുണ്ട്. വ്യവസായ സഹകരണ സംഘം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എം എല്‍ എ ടി യു രാധാകൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കയര്‍ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പത്മകുമാര്‍ ഐ എ എസ്, ഡയറക്ടര്‍ കെ എസ് പ്രദീപ് കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കയര്‍ പ്രോജക്ട് ഓഫീസര്‍ സി ആര്‍ സോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, ഗ്രാമപഞ്ചായത്ത് അംഗം പി ഒ പൗലോസ്, ജില്ലാ കയര്‍ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ലിനോ ജോര്‍ജ്ജ്, കയര്‍ ഇന്‍സ്പെക്ടര്‍ തങ്കമണി, സംഘം സെക്രട്ടറി ടി കെ ശ്രീധരന്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രസിഡന്റ് ടി കെ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Vennurpadam SC De-Fibering Workers Industrial Co-operative Society regains glory




Similar News