മാള: ആളൂര്‍ മാള റെയില്‍വേ പാലത്തിന് സമീപമുളള കനാലില്‍ വന്‍തോതില്‍ ജൈവ മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. ചാലക്കുടിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ ഇവിടെ വന്നു അടിഞ്ഞു കൂടുകയും അത് ജനങ്ങള്‍ക്ക് ഭീഷണി ആവുകയുമാണ്.
ചാലക്കുടി വഴി വരുന്ന കനാല്‍ റെയില്‍വേ പാളങ്ങള്‍ പോകുന്നിടത്ത് വച്ച് ആറിഞ്ചോളം വരുന്ന പൈപ്പിലൂടെയാണ് മറുഭാഗത്തേക്കെത്തുന്നത്. ഇതുമൂലം വെള്ളത്തിന്റെ കൂടെയെത്തുന്ന ജൈവ മാലിന്യങ്ങളും മറ്റും അടിഞ്ഞു കൂടി ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുര്‍ഗന്ധമാണ് പരിസരത്ത് അനുഭവപ്പെടുന്നത്. അറവ് ശാലകളില്‍ നിന്നുള്ള വേസ്റ്റുകള്‍, കോഴി വേസ്റ്റുകള്‍, ചത്ത നായ്ക്കളും മറ്റും തുടങ്ങി എല്ലാംതന്നെ ഇവിടെ വന്നടിഞ്ഞ് കൂടുകയാണ്. ഈ മാലിന്യങ്ങള്‍ കിടക്കുന്നതിന് തൊട്ടടുത്തായി പത്ത് കുടുംബങ്ങളാണുള്ളത്. അല്‍പ്പം നീങ്ങി നല്‍പ്പതില്‍പരം കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവര്‍ക്കടക്കം വളരെയേറെയാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്. കുട്ടികള്‍ക്ക് സമാധാനമായി പഠിക്കാന്‍ പോലുമാവുന്നില്ല. ചീഞ്ഞഴുകിയവ വെള്ളത്തോടൊപ്പം കിണറുകളിലേക്കെത്തുകയും കിണര്‍ ജലത്തെ ഉപയോശൂന്യമാക്കുകയാണ്. മാസങ്ങളായുള്ള ദുരിതം മഴക്കാലം എത്തിയപ്പോള്‍ ഇരട്ടിയിലേറെയായിരിക്കയാണ്.
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇതേക്കുറിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഇറിഗേഷന്‍ വകുപ്പിന് പരാതി കൊടുക്കണമെന്നാണ് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഈ ഭാഗങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ എടുത്ത് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കനാലില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.