വാളത്തൂര്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് 21ന്

Update: 2024-06-11 14:18 GMT

കല്‍പ്പറ്റ: വാളത്തൂര്‍ ചീരമട്ടത്ത് ക്വാറികള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുപൈനാട് ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്താന്‍ വാളത്തൂര്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ടി സിദ്ദീഖ് എംഎല്‍എ മുഖേന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടത് പോലെ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനാവശ്യമായ നടപടികളെടുക്കണമെന്നാണ് ആവശ്യം. വ്യാജ രേഖ ചമച്ച് ക്വാറിക്ക് അനുകൂലമായി ഉടമകള്‍ സമ്പാദിച്ച അനുമതി പത്രങ്ങള്‍ റദ്ദാക്കണം. ജൂണ്‍ 26ന് അവസാനിക്കുന്ന നിലവിലുള്ള ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുക, പഞ്ചായത്ത് റോഡിലെ ക്വാറി മാഫിയയുടെ അനധികൃത കൈയേറ്റം അവസാനിപ്പിക്കുക, നിലവിലുള്ള കൈയേറ്റത്തിനെതിരേ പഞ്ചായത്ത് നിയമ നടപടികള്‍ സ്വീകരിക്കുക, ജിയോളജി-പൊല്യൂഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടായേക്കാവുന്ന ഭീഷണികളെ കുറിച്ച് പഠനം നടത്തുക, ജനങ്ങുടെ ഭീതി അകറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. 21ന് രാവിലെ 10:30നാണ് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തുക. സൂചന സമരം കൊണ്ട് നീതി ലഭിച്ചില്ലെങ്കില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ശക്തമായ സമരം പരിപാടികള്‍ക്ക് സമിതി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍. വാര്‍ത്താസമ്മേളനത്തില്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി റഹീം, ജോയിന്റ് കണ്‍വീനര്‍ ജാഫര്‍, വി കെ ഉമര്‍, അലി കുന്നക്കാടന്‍ പങ്കെടുത്തു.

Tags:    

Similar News