തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണത്തില്‍ പ്രതിഷേധമായി നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് അതിക്രമമുണ്ടായതിനെ തുടര്‍ന്ന് കെഎസ്‌യു നാളെ നടത്തുന്ന വിദ്യാഭ്യാസ ബന്ദില്‍ എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ബാധിക്കപ്പെടില്ല.എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു.
കുട്ടികള്‍ പരീക്ഷയ്‌ക്കൊരുങ്ങി ഇരിക്കുന്നതിനിടയില്‍ ബന്ദ് പ്രഖ്യാപിച്ചത് ഉചിതമായില്ലെന്ന വിമര്‍ശനം വ്യാപകമായി വരുന്നതിനിടെയാണ് വ്യക്തതയുമായി കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി അടക്കം ബന്ദ് പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിലാണ് പോലിസ് ഇടപെടലുണ്ടായത്. തുടര്‍ന്ന് നാളെ സംസ്ഥാനവ്യാപകമായി പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു.