കല്‍പ്പറ്റ: കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയെ ഇനിയും പിടികൂടാന്‍ വനംവകുപ്പിനായില്ല. 24 ദിവസമായി വനംവകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തിയെന്നും നിരീക്ഷിച്ചുവരികയാണെന്നും ഉടന്‍ പിടികൂടുമെന്നും ഡിഎഫ്ഒ അറിയിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടുവയെക്കുറിച്ച് കൃത്യമായ വിവരമൊന്നുമില്ല. ചൊവ്വാഴ്ച പയ്യമ്പള്ളി മുട്ടങ്കര മുണ്ടുപറമ്പില്‍ ബാബുവിന്റെ തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന് ഒരു കിലോമീറ്ററോളം തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.
അതേസമയം, ഒരാഴ്ചയിലേറെയായി വളര്‍ത്തുമൃഗങ്ങളെയൊന്നും കടുവ പിടിച്ചില്ല എന്ന ആശ്വാസം പ്രദേശവാസികള്‍ക്കുണ്ട്. ഈ കാല്‍പ്പാടുകള്‍ കുറുക്കന്‍മൂലയില്‍ കണ്ടെത്തിയ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതിയ കാല്‍പ്പാടുകളല്ലെന്ന നിഗമനത്തിലാണ് അധികൃതര്‍. തിങ്കളാഴ്ച കടുവാ സാന്നിധ്യം തിരിച്ചറിഞ്ഞ വയനാട് വന്യജീവി സങ്കേതത്തിലെ ചെട്ടിപ്പറമ്പ് ഭാഗങ്ങളിലും ബേഗൂര്‍- റെയ്ഞ്ചിലെ ഒലിയോട്, ഒണ്ടയങ്ങോട് വനമേഖലയിലും തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. എന്നാല്‍, കടുവ കാണാമറയത്ത് തുടരുന്നതില്‍ ആളുകള്‍ ആശങ്കയിലാണ്.
കഴുത്തിന് മുറിവേറ്റ കടുവ ക്ഷീണിതനായതിനാല്‍ നീക്കങ്ങള്‍ കുറഞ്ഞിരിക്കാമെന്ന അനുമാനവുമുണ്ട്. കടുവ ഭീതി നിലനില്‍ക്കുന്നതിനാല്‍ മാനന്തവാടി നഗരസഭയുടെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഇരുനൂറിലേറെ വനപാലകരും മൂന്ന് മയക്കുവെടി സംഘങ്ങളുമാണ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരുന്നത്. കെണിയൊരുക്കി പ്രദേശത്ത് സ്ഥാപിച്ച കൂടുകളിലൊന്നും കടുവ വീണില്ല. ദിവസങ്ങള്‍ക്ക് മുമ്പ് കുറുക്കന്‍മൂലയ്ക്ക് സമീപത്തെ റിസോര്‍ട്ടിന്റെ പരിധിയില്‍ കടുവ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് ഒരു കാമറയിലും കടുവയുടെ ദൃശ്യങ്ങളും പതിഞ്ഞില്ല. മുതുമലയില്‍നിന്നും 30 കാമറകള്‍ കൂടി എത്തിച്ച് ഇന്ന് പ്രദേശത്തെ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.