സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം പരൂര്‍കുന്നില്‍ ഒരുങ്ങുന്നു
കല്‍പ്പറ്റ: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായി മേപ്പാടി പരൂര്‍കുന്നിലെ പുനരധിവാസ കേന്ദ്രം. മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ ഭൂരഹിതരും ഭവനരഹിതരുമായ 110 കുടുംബങ്ങള്‍ക്കാണ് പരൂര്‍ക്കുന്നില്‍ പുനരധിവാസമൊരുങ്ങുന്നത്. ഇതില്‍ 35 വീടുകളുടെ പണി പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
മാര്‍ച്ച് മാസത്തില്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഏപ്രില്‍ മാസത്തോടെ ഗുണഭോക്താക്കള്‍ക്ക് കൈമാറാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആദിവാസി പുനരധിവാസ വികസന മിഷന്റെ (ടിആര്‍ഡിഎം) ഫണ്ടുപയോഗിച്ച് ജില്ലാ മണ്ണുസംരക്ഷണ വകുപ്പാണ് മാതൃകാ ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2020 ഒക്ടോബറിലാണ് ഭവനനിര്‍മാണത്തിന് ഭരണാനുമതിയായത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമുദായത്തില്‍പ്പെട്ടവരാണ് ഗുണഭോക്താക്കളില്‍ ഏറെയും.