മാനന്തവാടി കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയിറങ്ങി; ആടിനെ ആക്രമിച്ച് കൊന്നു
കല്‍പ്പറ്റ: വയനാട് മാനന്തവാടിയിലെ കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ കൊന്നുതിന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം 15 ആയി. വനം വകുപ്പും പോലിസും സജീവമായി പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് കടുവ വീണ്ടുമിറങ്ങിയത്. പ്രദേശത്ത് രണ്ട് കൂടുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് കുറക്കന്‍മൂല പുതുച്ചിറയില്‍ ജോണ്‍സന്റ ആടിനെയും തേങ്കുഴി ജിന്‍സന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കന്‍മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. കടുവയെ മയക്കുവെടിവയ്ക്കാന്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കുറുക്കന്‍മൂലയിലും പരിസരപ്രദേശങ്ങളിലും രാവിലെ പാല്‍ അളക്കുന്ന സമയത്തും കുട്ടികള്‍ സ്‌കൂളില്‍ പോവുന്ന സമയത്തും പോലിസിന്റെയും വനം വകുപ്പിന്റെയും പ്രത്യേക സ്‌ക്വാഡും സ്ഥലത്ത് ക്യാംപ് ചെയ്യുന്നതിനും സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കടുവാ വിഷയത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആശ്യപ്പെട്ടത് അനുസരിച്ചാണ് ഉന്നതതല യോഗം ചേര്‍ന്നത്.
പ്രദേശത്ത് കൂടുതല്‍ കാമറകള്‍ സ്ഥാപിച്ച് കടുവയെ ട്രാക്ക് ചെയ്യുക. രാത്രി കലങ്ങളില്‍ വൈദ്യുതി തടസ്സം ഒഴിവാക്കുക, വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക, 24 മണിക്കൂറും പട്രോളിങ് ഏര്‍പ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. ഡിഎഫ്ഒമാരായ എ ഷജ്‌ന, നരേഷ് കുമാര്‍ ഷെണോയി, റെയ്ഞ്ചര്‍ കെ രാകേഷ്, മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്‍, നഗരസഭാ അധ്യക്ഷ സി കെ രത്‌നവല്ലി, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, ആലീസ് സിസില്‍, ഷിബു കെ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.