മാനന്തവാടി: വയനാട്ടില്‍ പേര്യ ചപ്പാരത്ത് പോലിസുമായി ഏറ്റുമുട്ടിയ മാവോവാദികള്‍ ബാണാസുര ദളത്തിലെ അംഗങ്ങളെന്ന് വിവരം. ഏറ്റുമുട്ടിലിനിടെ പിടിയിലായ ചന്ദ്രു ബാണാസുര ദളം കമാന്‍ഡറാണ്. പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും രക്ഷപ്പെട്ട രണ്ട് സ്ത്രീകളും കര്‍ണാടക സ്വദേശികളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, രക്ഷപ്പെട്ട രണ്ടു പേര്‍ക്കായി വനമേഖലയില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും നക്‌സല്‍ വിരുദ്ധ സേനയും തിരച്ചില്‍ ഊര്‍ജിതമാക്കി. രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ക്ക് പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍, ഉള്‍വനത്തിലേക്ക് ഇവര്‍ പോകാന്‍ സാധ്യതയില്ലെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍.
വയനാട്ടില്‍ ആഴ്ചകള്‍ നീണ്ട തിരച്ചിലിനിടെ ഇന്നലെ രാത്രി 11 മണിയോടെ പേര്യ ഉള്‍വനത്തിലാണ് മാവോവാദികളും പൊലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഒരു മാസം മുമ്പ് കേരള ഫോറസ്റ്റ് വനം ഡിവിഷനു കീഴിലെ കമ്പമല വനം ഡിവിഷന്‍ ഓഫിസ് അഞ്ചംഗ മാവോവാദി സംഘം അടിച്ചു തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
ആറളം വനമേഖലയില്‍ വനപാലകരെ കണ്ടതിനെത്തുടര്‍ന്ന് മാവോവാദികള്‍ കഴിഞ്ഞ ദിവസം വനപാലകര്‍ക്കുനേരെ വെടിയുതിര്‍ത്തിരുന്നു. നിസ്സാര പരിക്കുകളോടെയാണ് അന്ന് വനപാലകര്‍ രക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആറളം, പേര്യ മേഖലയില്‍ മാവോവാദികള്‍ക്കായി പോലിസ് തിരച്ചില്‍ ശക്തമാക്കിയതും വെടിവെപ്പുണ്ടായതും.