ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാനിര്‍ദേശം

Update: 2024-02-17 04:40 GMT

മാനന്തവാടി: വയനാട്ടിലെത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തി. രാത്രിയില്‍ കാട്ടിക്കുളംതിരുനെല്ലി റോഡ് മുറിച്ചുകടന്നാണു കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെട്ട ദൗത്യസംഘം വനത്തിനുള്ളില്‍ കടന്നു. ഇന്നലെയാണു അരുണ്‍ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നത്.

മന്ത്രിമാര്‍ അടുത്ത ദിവസം തന്നെ വയനാട് സന്ദര്‍ശിക്കുമെന്നും റവന്യൂ, തദ്ദേശമന്ത്രിമാര്‍ സംഘത്തിലുണ്ടാകുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും പോളിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. തന്റെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ ആത്മാര്‍ഥതയില്ലായ്മ മൂലമാണെന്നും ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേസമയം വനംമന്ത്രി എ.കെ ശശീന്ദ്രന് എതിരെ ടി.സിദ്ദിഖ് എംഎല്‍എ രൂക്ഷവിമര്‍ശനം നടത്തി. വനംമന്ത്രി വയനാടിന്റെ വികാരം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തണമെന്നും എംഎഎല്‍എ ആവശ്യപ്പെട്ടു. വനംമന്ത്രിയെ പുറത്താക്കണമെന്നും അല്ലെങ്കില്‍ വയനാടിന്റെ ചുമതലയില്‍നിന്നു മാറ്റണമെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പടമല പനച്ചിയില്‍ അജീഷിനെ വീട്ടുമുറ്റത്ത് ബേലൂര്‍ മഖ്‌ന എന്ന മോഴയാന ചവിട്ടിക്കൊന്നത്. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ച് പിടിക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ടോടെ തന്നെ ആനയെ വനപാലക സംഘം പിന്തുടരാന്‍ തുടങ്ങി. ഞായറാഴ്ച രാവിലെയാണു മയക്കുവെടി വയ്ക്കാനുള്ള ദൗത്യ സംഘം തയാറായത്. വയനാട് വന്യജീവി സങ്കേതം, വയനാട് നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷന്‍, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്, കോഴിക്കോട് ആര്‍അര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാരാണു ദൗത്യത്തില്‍ പങ്കെടുക്കുന്നത്‌




Tags:    

Similar News