വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം; മൂന്നുപേരുടെ നില ഗുരുതരം

ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.

Update: 2023-08-25 12:26 GMT

മാനന്തവാടി (വയനാട്): മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്. ഒന്‍പത് പേര്‍ മരിച്ചതായി വയനാട് കളക്ടര്‍ രേണു രാജ് സ്ഥിരീകരിച്ചു.

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത എന്നിവരാണ് മരിച്ച എട്ടുപേര്‍. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ലത, ഉമാദേവി, ഡ്രൈവര്‍ മണി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

തോട്ടം തൊഴിലാളികളുടെ ജോലി കഴിയുന്ന സമയത്ത് പ്രദേശത്തുകൂടി നിരവധി ജീപ്പുകള്‍ സര്‍വീസ് നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. പോലീസും ഫയര്‍ഫോഴ്സും പിന്നീട് സ്ഥലത്തെത്തി. മന്ത്രി എ.കെ ശശീന്ദ്രന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.





Similar News