വയനാട്ടില്‍ പോലിസ് മര്‍ദ്ദനത്തിനിരയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
തലപ്പുഴ എക്‌സൈസ് ജംങ്ഷനില്‍ നിന്നാണ് ഇഖ്ബാലിനെയും ഷബീറിനെയും തലപ്പുഴ സ്റ്റേഷന്‍ ചുമതലയുള്ള സിഐ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്.
കല്‍പറ്റ: ഒരാഴ്ച മുന്‍പ് തലപ്പുഴ പോലിസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി ജയിലിലടച്ച പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. പോപുലര്‍ ഫ്രണ്ട് പീച്ചം കോട് ഏരിയാ സെക്രട്ടറി ഇഖ്ബാല്‍(34). പ്രവര്‍ത്തകന്‍ പീച്ചം കോട് കുന്നക്കാടന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
മുഖത്തെ മാസ്‌ക് നീങ്ങിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളെ തലപ്പുഴ സ്റ്റേഷനിലെത്തിച്ച് ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ആശുപത്രികളില്‍ ദിവസങ്ങള്‍ നീണ്ട ചികില്‍സക്കു ശേഷം മാനന്തവാടി സബ് ജയിലിലടച്ചു.
തലപ്പുഴ എക്‌സൈസ് ജംങ്ഷനില്‍ നിന്നാണ് ഇഖ്ബാലിനെയും ഷബീറിനെയും തലപ്പുഴ സ്റ്റേഷന്‍ ചുമതലയുള്ള സിഐ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ നില്‍കുകയായിരുന്നു യുവാക്കള്‍. മുഖത്തെ മാസ്‌ക് നീങ്ങിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരെ പേര് ചോദിച്ചറിഞ്ഞ ശേഷം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ അരങ്ങേറിയതിന് സമാനമായ അതിക്രമമാണ് തലപ്പുഴ പോലിസ് സ്റ്റേഷനില്‍ പോപുലര്‍ഫ്രണ്ട് ഭാരവാഹിക്കും പ്രവര്‍ത്തകനുമെതിരെ അരങ്ങേറിയത്. മണിക്കൂറുകളോളം പോലിസ് യുവാക്കളെ സ്റ്റേഷനില്‍ വച്ചു വളഞ്ഞിട്ടു മര്‍ദ്ദിച്ചു. യുവാക്കള്‍ക്കു നേരെയുള്ള പോലിസ് നരനായാട്ടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധമുയര്‍ന്നിരുന്നു.