അഡ്വ. കെ എ അയ്യൂബ് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ്; ടി പി റസ്സാഖ് ജനറല്‍ സെക്രട്ടറി
കല്‍പ്പറ്റ: എസ്ഡിപിഐ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അഡ്വ.കെ എ അയ്യൂബിനെയും ജനറല്‍ സെക്രട്ടറിയായി ടി പി റസ്സാഖിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ടി അബ്ദുള്‍ നാസര്‍, തോമസ് കെ ജെ (വൈസ് പ്രസിഡന്റുമാര്‍), ബബിത ശ്രീനു, സല്‍മ അഷ്‌റഫ്, കെ മമ്മൂട്ടി (സെക്രട്ടറിമാര്‍), പി ആര്‍ കൃഷ്ണന്‍കുട്ടി (ഖജാഞ്ചി), ജില്ലാ കമ്മിറ്റി അംഗങ്ങളായി എ യൂസുഫ്, എന്‍ ഹംസ, കെ പി സുബൈര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
മാനന്തവാടി ടി പോക്കര്‍ സാഹിബ് നഗറില്‍ നടന്ന എസ്ഡിപിഐ വയനാട് ജില്ലാ പ്രതിനിധി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മുട്ടില്‍ മരം മുറിക്കേസില്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ആദിവാസികളുടെ ക്ഷേമത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷ്ണന്‍കുട്ടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല തുടങ്ങിയവര്‍ സംസാരിച്ചു. 2018-21 കാലയളവിലെ പ്രവര്‍ത്തന റിപോര്‍ട്ട് ജനറല്‍ സെക്രട്ടറി പി ഫസലു റഹ്മാന്‍ അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷമീര്‍ പിലാക്കാവ് പ്രമേയം അവതരിപ്പിച്ചു. വയനാട് മെഡിക്കല്‍ കോളജ്, ആദിവാസികളുടെ പിന്നാക്കാവസ്ഥ, ചുരം ബദല്‍ റോഡ്, രാത്രിയാത്രാ നിരോധനം തുടങ്ങിയ ജില്ലയെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് പ്രതിനിധിസഭ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടി പി റസ്സാഖ് സംസാരിച്ചു.