കോളനികളിലെ ലഹരി വ്യാപനം തടയാന്‍ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും

Update: 2021-01-31 04:40 GMT
കല്‍പറ്റ: ആദിവാസി കോളനികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. കോളനികളില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ മദ്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടു കൂടി ലഹരി ഉപഭോഗം ആദിവാസികളില്‍ കുറച്ച് കൊണ്ട് വരാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.


അമിത ലഹരി ഉപഭോഗത്തിന്റെ ഫലമായി ആദിവാസികളില്‍ ആത്മഹത്യ പ്രവണതകള്‍ കൂടി വരുന്നതായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം കോളനികളുടെ സൈ്വരജീവിതം തകരുന്ന വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ കോളനികളില്‍ കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദിവാസി കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. പോക്‌സോ കേസുകള്‍ക്ക് ഇരയാകേണ്ടി വരുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആദിവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും ജില്ലാ വികസന സമിതിയോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോളനികളിലെ പഠനമുറികള്‍, സാമൂഹ്യ അടുക്കളയുടെ നിര്‍മ്മാണങ്ങള്‍ പുരോഗമിപ്പിക്കുന്നതിന് എ.ഡി.സി ജനറലിന് നിര്‍ദ്ദേശം നല്‍കി.




Similar News