വയനാട്ടില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു

Update: 2020-10-24 12:21 GMT

കല്‍പറ്റ: ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമനം ലഭിച്ച കൃഷി ഓഫിസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു. ഇനി മുതല്‍ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ സേവനം അനുഷ്ഠിക്കേണ്ടതുള്ളുവെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. മറ്റ് ദിവസങ്ങളില്‍ അതത് ഓഫിസിലെ ദൈനംദിന പ്രവൃത്തികള്‍ നടത്താവുന്നതാണ്. ഇവരുടെ അഭാവത്തില്‍ മറ്റ് സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ മജിസ്റ്റീരിയല്‍ ചുമതല പൂര്‍ണ്ണമായും ഏറ്റെടുക്കണം.

സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ റിസര്‍വ്വ് ലിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവാകുന്നതോടെ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ സേവനത്തില്‍ നിന്ന് മാറി നില്‍ക്കാവുന്നതാണ്. എന്നാല്‍ സേവനത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നോഡല്‍ ഓഫിസര്‍മാര്‍ക്ക് മുന്‍കൂറായി വിവരം നല്‍കണം. ഈ സന്ദര്‍ഭങ്ങളില്‍ ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ക്കായിരിക്കും പൂര്‍ണ്ണമായ മജിസ്റ്റീരിയല്‍ ചുമതല. അത്യാവശ്യ ഘട്ടത്തില്‍ മാത്രം റിസര്‍വ്വ് ലിസ്റ്റിലുള്ള സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം വിട്ട് നല്‍കും.


കൊവിഡ് പ്രതിസന്ധിയില്‍ ജില്ലയില്‍ 144 പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൃഷി ഓഫിസര്‍മാരെയും അധ്യാപകരെയും സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചത്. എന്നാല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ തടസ്സം നേരിടുന്നതിനാലാണ് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ക്രമീകരിച്ചത്.




Similar News