വയനാട് വിംസ് വില്‍പന; കുടുംബ ട്രസ്റ്റില്‍ നിന്നുള്ള 250 കോടി ചാരിറ്റി വകയില്‍ സര്‍ക്കാരിന് വിട്ടു നല്‍കും: ഡോ. ആസാദ് മൂപ്പന്‍

സര്‍ക്കാ മെഡിക്കല്‍ കോളജ് ആരംഭിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ രണ്ടു മെഡിക്കല്‍ കോളജ് ആവശ്യമില്ലാത്തതിനാണ് വിംസ് സര്‍ക്കാരിനു കൈമാറാന്‍ കല്‍പറ്റ എംഎല്‍എ വഴി സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചത്.

Update: 2020-07-05 08:46 GMT

പിസി അബ്ദുല്ല

കല്‍പറ്റ: വയനാട് വിംസ് സര്‍ക്കാരിന് വില നിശ്ചയിച്ച് കൈമാറുമ്പോള്‍ നിര്‍മാണത്തിനായി കുടുംബ ട്രസ്റ്റില്‍ നിന്നും 250 കോടി ചാരിറ്റി വകയില്‍ വിട്ടു കൊടുക്കുമെന്ന് ഡിഎം എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ.ആസാദ് മൂപ്പന്‍. വയനാട്ടിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബം നീക്കിവച്ച തുകയായതിനാലാണ് അത് വിട്ടു കൊടുക്കുന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

സര്‍ക്കാ മെഡിക്കല്‍ കോളജ് ആരംഭിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ രണ്ടു മെഡിക്കല്‍ കോളജ് ആവശ്യമില്ലാത്തതിനാണ് വിംസ് സര്‍ക്കാരിനു കൈമാറാന്‍ കല്‍പറ്റ എംഎല്‍എ വഴി സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചത്. തീരുമാനത്തിന് അനുകൂലമായാണ് ആരോഗ്യ മന്ത്രിയും മുഖ്യ മന്ത്രിയും ഫോണില്‍ പ്രതികരിച്ചത്. അതു പ്രകാരം സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് വിംസ് കൈമാറാനുള്ള സന്നദ്ധത രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് വിംസിന്റെ ആസ്തി നിര്‍ണ്ണയിക്കാനും ഏറ്റെടുക്കുന്നതിന്റെ സാധ്യതകള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയോഗിച്ചു.

കല്‍പറ്റ-മേപ്പാടി അരപ്പറ്റയിലാണ് ഡിഎം വിംസ് മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളുമുള്ളത്. ഡിഎം വിംസ് മെഡിക്കല്‍ കോളജിന്റെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതിനും ബാലന്‍സ്ഷീറ്റ് ഉള്‍പ്പെടെ രേഖകള്‍ പരിശോധിക്കുന്നതിനും തിരുവനന്തപുരം വഞ്ചിയൂരിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്.സുരേഷ്ബാബുവിനെയാണ് ചുമതലപ്പെടുത്തിയത്. മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനും സര്‍ക്കാര്‍ നിര്‍ദേശം. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിലെ പ്രൊഫ.ഡോ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പഠന സമിതിയില്‍ തിരുവനന്തപുരം ജി.എം.സിയിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ.സജീഷ്, അസോസിയറ്റ് പ്ര പ്രൊഫ.ഡോ.കെജി കൃഷ്ണകുമാര്‍, കൊല്ലം ഗവ.മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രോഫസര്‍ ഡോ.അന്‍സാര്‍, കെഎംഎഎസ്എല്‍ ഡപ്യൂട്ടി മാനേജര്‍ നരേന്ദ്രനാഥന്‍, മെഡിക്കല്‍ എജ്യുക്കേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകണ്ഠന്‍ നായര്‍, എന്‍എച്ച്എം ചീഫ് എന്‍ജിനിയര്‍ സിജെ അനില എന്നിവര്‍ അംഗങ്ങളാണ്.

വയനാട്ടിലെ ഏക മെഡിക്കല്‍ കോളജാണ് മേപ്പാടി അരപ്പറ്റയിലേത്. സംസ്ഥാനത്തു പിന്നാക്ക-ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രഥമ സ്വകാര്യ മെഡിക്കല്‍ കോളജ് എന്ന പ്രത്യേകതയും സ്ഥാപനത്തിനുണ്ട്. വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു കല്‍പറ്റ ചുണ്ടേലിനു സമീപം സ്ഥലം വിലയ്ക്കു വാങ്ങുന്നതിനു നടപടികള്‍ മന്ദഗതിയില്‍ നീങ്ങുന്നതിടെയാണ് ഡിഎം വിംസ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനുള്ള നാടകീയ നീക്കങ്ങള്‍. അരപ്പറ്റ നസീറ നഗറില്‍ 50 ഏക്കര്‍ വളപ്പിലാണ് ഡി.എം.വിംസ് മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും. മെഡിക്കല്‍ കോളജിനോടനുബന്ധിച്ചു 700 ഓളം കിടക്ക സൗകര്യമുള്ള ആശുപത്രി, നഴ്സിങ് കോളജ്, ഫാര്‍മസി കോളജ്, ആസ്റ്റര്‍ സ്പെഷാലിറ്റി ആശുപത്രി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. 2012 ജൂലൈ 25നാണ് മെഡിക്കല്‍ കോളജിന്റെ ഭാഗമായി ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. 2013ലായിരുന്നു ആദ്യ ബാച്ച് എംബിബിഎസ് പ്രവേശനം. 215 ഡോക്ടര്‍മാരും 1678 ജീവനക്കാരും സ്ഥാപനത്തിലുണ്ട്.




Tags:    

Similar News