ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടനടി ചെയ്തു തീര്‍ക്കൂ രാജ്യത്തെ ബാങ്കുകള്‍ അഞ്ചു ദിനങ്ങള്‍ അടഞ്ഞു കിടക്കും
ഈ മാസം 21 മുതല്‍ 26 വരെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാവില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചെന്നൈ: ഈ മാസം 20ന് ശേഷം ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ ഉടന്‍ പുനരാലോചന നടത്തുക. അല്ലെങ്കില്‍ ഒടുവില്‍ നിരാശയായിരിക്കും ഫലം. ഈ മാസം 21 മുതല്‍ 26 വരെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാവില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി ആള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി)ഈ മാസം 21നും യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ (യുഎഫ്ബിയു) ഈ മാസം 26നുമാണ് അഖിലേന്ത്യാതലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്‌കെയില്‍ 4നും അതിനു മുകളിലുള്ള ഓഫിസര്‍മാരെ ബൈപാര്‍ട്ടി വേതന പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ബാങ്ക്‌സ് അസോസിയേഷന്‍ തീരുമാനത്തിനെതിരേയാണ് എഐബിഒസി പണിമുടക്കുമായി മുന്നോട്ട് പോവുന്നത്. പണി മുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ 21ലെ മുഴുവന്‍ ബാങ്കിങ് സേവനങ്ങളും തടസ്സപ്പെടും. പ്രത്യേകിച്ച് ഓഫ് ലൈന്‍ ബാങ്കിങ്. 22ന് നാലാം ശനിയും 23 ഞായറുമാണ്. 24നു മാത്രമാവും ഈ ദിനങ്ങളില്‍ ബാങ്കിങ് സര്‍വീസുകള്‍ ലഭ്യമാവുക. നീണ്ട അവധി ദിനങ്ങള്‍ക്കിടയില്‍ വരുന്ന ഈ പ്രവര്‍ത്തി ദിനത്തില്‍ എത്ര ജീവനക്കാര്‍ ഹാജരാവുമെന്നത് മറ്റൊരു കാര്യം. 25 ക്രിസ്മസുമായി ബന്ധപ്പെട്ട് നേരത്തേ അവധി നല്‍കിയിട്ടുണ്ട്. 21ലെയും 26ലെയും പണിമുടക്കുകള്‍ ഈ ദിനങ്ങളിലെ ബാങ്കിങ് മേഖലയെ സാരമായി ബാധിക്കുമെന്നാണ് കണക്കൂകൂട്ടല്‍.
ബാങ്ക്് ഓഫ് ബറോഡ, വിജയ, ദേന എന്നീ ബാങ്കുകളുടെ ലയന തീരുമാനത്തിലൂടെ ജനവിരുദ്ധമായ ബാങ്കിങ് പരിഷ്‌ക്കരണ അജണ്ടയുമായി മുന്നോട്ട് പോവുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ (യുഎഫ്ബിയു) ഈ മാസം 26ന് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ പത്ത് ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും ഈ പണിമുടക്കില്‍ ഭാഗവാക്കാവും. ബാങ്കുകളുടെ ലയനം നടത്തി രാജ്യത്തെ സാമ്പത്തിക സ്ഥിതിയേയും ബാങ്കിങ് മേഖലയേയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബാങ്കുകളുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന് പകരം ഏകീകൃത സ്വഭാവം ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പ്രസ്താവനയില്‍ പറഞ്ഞു.