സംസ്ഥാനത്തേക്ക് പണമൊഴുക്കി പ്രവാസികള്‍; രണ്ടു ലക്ഷം കോടി കവിയുമെന്ന് റിപോര്‍ട്ട്
50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2014 ഡിസംബറില്‍ സംസ്ഥാനത്തേക്കെത്തിയ വിദേശപണം ഒരു ലക്ഷം കോടിയെന്ന സ്വപ്‌ന നേട്ടം കൈവരിച്ചത്.
കേരള സമ്പദ്ഘടനയെ എല്ലായ്‌പ്പോഴും താങ്ങി നിര്‍ത്തിയത് പ്രവാസി മലയാളികളാണ്. അവര്‍ രാജ്യത്തേക്ക് ഒഴുക്കിയ പണത്തിലൂടെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലും സംസ്ഥാനം ബഹുദൂരം മുന്നേറിയത്. 2019 കേരള സാമ്പത്ത് ഘടനയില്‍ നിര്‍ണായക വര്‍ഷമായിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. 50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2014 ഡിസംബറില്‍ സംസ്ഥാനത്തേക്കെത്തിയ വിദേശപണം ഒരു ലക്ഷം കോടിയെന്ന സ്വപ്‌ന നേട്ടം കൈവരിച്ചത്. അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും സംസ്ഥാനം ഒരു ലക്ഷം കോടിയെന്ന നേട്ടത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2018 സെപ്തംബറില്‍ അവസാനിച്ച ബാങ്കിന്റെ ത്രൈമാസ എന്‍ആര്‍ഇ നിക്ഷേപം 1,81,623 കോടി രൂപയാണ്. 2017ലെ ഇതേ കാലയളവില്‍ ഇത് 1,57,926 കോടി രൂപയായിരുന്നു. 15 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത്.ജൂണ്‍ പാദത്തില്‍ അറ്റപലിശ വരുമാനം 1,69,098 കോടി രൂപയാണ്. 3.62 ശതമാനം അഥവാ 6,154 കോടി രൂപയാണ് പ്രവാസി നിക്ഷേപമെന്നും സംസ്ഥാന ബാങ്കേഴ്‌സ് കോര്‍പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ നിരക്കനുസരിച്ച് 2019ല്‍ പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടി രൂപ കടക്കും.
അതേസമയം, ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ് എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇത് തൊഴില്‍മേഖലയെ പ്രതികൂലമായി ബാധിച്ചാല്‍ പ്രവാസി നിക്ഷേപത്തിലുണ്ടായ ഈ കുത്തനെയുള്ള വളര്‍ച്ച അധികകാലം തുടരില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വദേശി പൗരന്‍മാര്‍ക്ക് കൂടുതല്‍ ജോലിസാധ്യത ഉറപ്പുവരുത്തുന്നതിന് അറേബ്യന്‍ രാജ്യങ്ങള്‍ 'പ്രാദേശികവല്‍ക്കരണ' പദ്ധതി നടപ്പാക്കിയതും മലയാളികള്‍ക്ക് വന്‍ തോതില്‍ ജോലി നഷ്ടപ്പെടാന്‍ കാരണമാവുമെന്നും ഭയക്കുന്നുണ്ട്.