സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിവില; വില വര്‍ധിപ്പിച്ച് പൗള്‍ട്രീ വികസന കോര്‍പറേഷനും
അതേസമയം, കോഴിക്കോട് താരതമ്യേന വില കുറഞ്ഞിട്ടുണ്ട്.ബ്രോയിലര്‍, ലഗോണ്‍ കോഴിയിറച്ചിക്ക് കി.ഗ്രാമിന് 180 രൂപയാണ് നിലവിലെ വില.
കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിപണിയില്‍ കോഴിയിറച്ചി വില ദിനംപ്രതി കുതിച്ചുയരുന്നു. ബലി പെരുന്നാളിനോടുബന്ധിച്ച് കേരളത്തില്‍ കോഴിയിറച്ചിക്ക് കി.ഗ്രാമിന് 200 കടന്നിരുന്നു. പലയിടങ്ങളിലും ഈ വില തന്നെ തുടരുകയാണ്. അതേസമയം, കോഴിക്കോട് താരതമ്യേന വില കുറഞ്ഞിട്ടുണ്ട്.ബ്രോയിലര്‍, ലഗോണ്‍ കോഴിയിറച്ചിക്ക് കി.ഗ്രാമിന് 180 രൂപയാണ് നിലവിലെ വില.
സംസ്ഥാനത്തെ ചെറുകിടഫാമുകളില്‍ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതോടെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വില അനിയന്ത്രിതമായി ഉയര്‍ന്നത്. കോഴി തീറ്റയുടെ വിലവര്‍ധിക്കുകയും കര്‍ഷകര്‍ക്ക് അതിന് ആനുപാതികമായ വില ലഭിക്കാതെ വരികയും ചെയ്തതോടെ ഉത്പാദനം 70 ശതമാനം വരെ കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് ചെറുതും വലുതുമായ ആയിരത്തിലേറെ ഫാമുകളാണുള്ളത്. ഇതിനെതുടര്‍ന്ന് കോഴിയിറച്ചിക്കുണ്ടായ ദൗര്‍ലഭ്യതയാണ് പൊതുവിപണിയില്‍ വിലവര്‍ധനയ്ക്കു ഇടയാക്കിയത്.
അതേസമയം, ഇറച്ചിവില കൂടുന്നതോടെ സംസ്ഥാനത്തെ പൗള്‍ട്രീ വികസന കോര്‍പറേഷനും കോഴിയിറച്ചിയുടെ വില ഇന്നലെ മുതല്‍ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.പൊതുമേഖലയ സ്ഥാപനമായ പൗള്‍ട്രീ വികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന വിവിധ ഇനം കോഴി ഇറച്ചിക്ക് 28 മുതല്‍ 34 രൂപ വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ശീതീകരിച്ച ചിക്കന് 11 മുതല്‍ 15 വരെയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ബ്രോയിലര്‍ ചിക്കന്‍ തൊലിയോടു കൂടിയത് 220.80 രൂപയാണ് പുതുക്കിയ വില, നേരത്തെ ഇത് 192 രൂപയായിരുന്നു. തൊലിയില്ലാത്തത് 224.25 രൂപ, നേരത്തെ 195 രൂപ. നാടന്‍ ചിക്കന്‍ 247, ബിരിയാണിക്കു വേണ്ടിയുള്ള ചിക്കന്‍ 262.20 നേരത്തെ 228 രൂപ, കറി കട്ട് 230 നേരത്തെ ഇത് 200 രൂപയായിരുന്നു. സ്‌പെഷല്‍ കറി കട്ട് 253. നേരത്തെ ഇത് 220 രൂപയായിരുന്നു. ജനത ചിക്കന്‍ 131.10 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത് നേരത്തെ ഇത് 114 രൂപയായിരുന്നു.
അതേസമയം, കേരളത്തില്‍ കോഴിവില വര്‍ദ്ധിക്കുന്നതിന് പിന്നില്‍ തമിഴ്‌നാടാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും കേരളത്തില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തമിഴ്‌നാട് ഇറച്ചിക്ക് പണ്ടുണ്ടായിരുന്ന ഡിമാന്‍ഡ് ഇപ്പോഴില്ല. എന്നാല്‍ കുഞ്ഞുങ്ങളുടെ ഉത്പാദനം ഇപ്പോഴും തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില തമഴ്‌നാട് ലോബി നിയന്ത്രിക്കുന്നത്.
ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ 17 രൂപയായിരുന്നു ആദ്യം ഈടാക്കിയിരുന്നത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് അത് 25 രൂപയായി. ലോക്ക് ഡൗണിന് മുമ്പ് 50 കിലോ തീറ്റയ്ക്ക് 1430 രൂപയായിരുന്നു. 25 രൂപയ്ക്ക് വാങ്ങുന്ന കോഴിയെ കേരളത്തിലെ കര്‍ഷകര്‍ ഏറ്റവും കുറഞ്ഞത് 40 ദിവസമെങ്കിലും പരിപാലിക്കേണ്ടിവരും. വന്‍ തുക ഇതിന് ചിലവു വരും.