അഴിമതിയും ഇടതുഭരണവും

Update: 2018-11-23 10:06 GMT

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായി ഉയര്‍ന്ന വിഷയം അഴിമതിയായിരുന്നു. അപ്പോള്‍ ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാരിനെതിരേ പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹമാകെത്തന്നെയും ഒട്ടനവധി അഴിമതികള്‍ ഉന്നയിച്ചിരുന്നു. ധനമന്ത്രി കെ എം മാണിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനുമെതിരേ ഉയര്‍ന്നുവന്ന ബാര്‍ കോഴ അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ധനമന്ത്രി എന്ന നിലയില്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കാതെ നിയമസഭയ്ക്കകത്ത് പ്രതിപക്ഷം നടത്തിയ അക്രമാസക്തമായ സമരവും അതിലെ നഷ്ടം സംബന്ധിച്ച ക്രിമിനല്‍ കേസും ഇപ്പോഴും നിലനില്‍ക്കുന്നു. ആ കേസിലെ പ്രതികള്‍ ഇന്നു സ്പീക്കറും മന്ത്രിയുമൊക്കെയാണ്.

ഒരുപക്ഷേ, അതിന്റെ പല മടങ്ങ് ശക്തമായി പ്രതിപക്ഷം ഉന്നയിച്ച വിഷയമാണ് സോളാര്‍ കേസ്. അതിലെ സരിതയുടെ സാന്നിധ്യം വിഷയത്തെ ഒരു മസാല സിനിമ പോലെയാക്കി. അതില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് റിപോര്‍ട്ടും കിട്ടി. ആ വിഷയത്തില്‍ നിയമസഭയ്ക്കകത്തും പൊതുനിരത്തുകളിലും മാധ്യമങ്ങളിലും നടന്ന ശക്തമായ വാഗ്വാദങ്ങള്‍ നമ്മള്‍ ഓര്‍മിക്കുന്നുണ്ടാവും.

അതുപോലെ മെത്രാന്‍ കായല്‍, നെല്ലിയാമ്പതി എസ്റ്റേറ്റ്, ആറന്‍മുള തുടങ്ങി നൂറുകണക്കിന് അഴിമതികള്‍ ആ സര്‍ക്കാരിനെതിരേ ഉന്നയിക്കപ്പെട്ടിരുന്നു. ഈ അഴിമതികള്‍ അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്.

ഒരു സര്‍ക്കാരിനും അതിനെ നയിക്കുന്ന മുന്നണിക്കും അഴിമതിയോടുള്ള നിലപാട് വ്യക്തമാക്കുന്നതിനുള്ള എളുപ്പവഴി, എതിരാളികളുടെ മേല്‍ തങ്ങള്‍ ആരോപിച്ച അഴിമതിക്കേസുകള്‍ നീതിപൂര്‍വം നടത്തുക എന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത സമീപനം എന്തായിരുന്നുവെന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ നിന്നു വ്യക്തമായി. ബാര്‍ കോഴക്കേസ് തേച്ചുമായ്ച്ചുകളയാന്‍ ഈ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇന്നൊരു രഹസ്യമല്ല. വിജിലന്‍സ് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്നു മാത്രമല്ല, മാണിയുടെ പാര്‍ട്ടിക്ക് ഇടതു മുന്നണിയിലേക്ക് പ്രത്യക്ഷത്തില്‍ സ്വാഗതമരുളിക്കൊണ്ട് ചുവന്ന പരവതാനി വിരിക്കുകയായിരുന്നു സിപിഎം നേതൃത്വം. മുന്നണിക്കകത്തെ ചില എതിര്‍പ്പുകള്‍ മൂലം തല്‍ക്കാലം ഇതു നടന്നില്ലെന്നു മാത്രം. ആ കേസില്‍ നിന്ന് മുന്‍ മന്ത്രി ബാബുവും രക്ഷപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.

ഇതിനേക്കാള്‍ പരിതാപകരമാണ് സോളാര്‍ കേസിന്റെ അവസ്ഥ. കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ സ്ത്രീപീഡനം അടക്കമുള്ള ഗൗരവതരമായ കുറ്റങ്ങള്‍ ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. ഇതിനിടയില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന ഹരജി ഹൈക്കോടതിയെ സമീപിച്ച് അനുവദിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി. വീണ്ടും ആ കേസുമായി മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച് ഒരു ഐജിയെ ചുമതല ഏല്‍പിച്ചതായി കണ്ടു. എന്നാല്‍, പ്രസ്തുത ഐജി അന്വേഷണത്തില്‍ നിന്നു പിന്‍മാറിയെന്നും കേള്‍ക്കുന്നു.

പാറ്റൂര്‍ കേസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. തങ്ങള്‍ അന്വേഷിക്കില്ലെന്നു മാത്രമല്ല, പൊതുസമൂഹത്തില്‍ നിന്ന് ആരെങ്കിലും അതിനു ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്ന നിലപാടും സര്‍ക്കാരിനുണ്ട്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു കോടിയുടെ അഴിമതി നടന്നുവെന്ന് ഇന്നത്തെ മന്ത്രിയും ധനമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും അന്ന് ആരോപിച്ചതാണ്. അധികാരത്തില്‍ വന്നപ്പോള്‍ ആ അഴിമതിപ്പദ്ധതിക്ക് എല്ലാ സഹായവും നല്‍കുകയാണ് ചെയ്തത്. പേരിനൊരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് പ്രതികളെ രക്ഷിക്കാനാണെന്നു വ്യക്തമാണ്. അഴിമതികള്‍ തുറന്നുകാട്ടുന്ന മുന്‍ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ പോലും ഈ സര്‍ക്കാര്‍ തയ്യാറല്ല. ആ തീരുമാനങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ ഒരു മന്ത്രിസഭാ സമിതിയെ നിയോഗിച്ചതായി കേട്ടിരുന്നു. ഇപ്പോള്‍ അക്കാര്യം ഇവര്‍ ഓര്‍ക്കുന്നതേയില്ല.

വിജിലന്‍സ് സ്വതന്ത്ര സംവിധാനമാക്കും എന്നു പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തിയവര്‍ ആ വകുപ്പു തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്. സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ജേക്കബ് തോമസിനെപ്പോലുള്ള ഉദ്യോഗസ്ഥനു കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. സര്‍ക്കാരിന്റെ നിലപാടുകളെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചുവെന്ന കുറ്റം ചുമത്തി മാസങ്ങളായി അദ്ദേഹത്തെ പുറത്തുനിര്‍ത്തിയിരിക്കുന്നു. എന്നാല്‍, വിജിലന്‍സിന്റെയും എന്‍ഐഎയുടെയും വരെ കേസുകളില്‍ പ്രതികളായ ഉന്നത ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉന്നത സ്ഥാനങ്ങളില്‍ വിലസുകയും ചെയ്യുന്നു. ഇതില്‍ നിന്നെല്ലാംതന്നെ അഴിമതിയോട് ഈ സര്‍ക്കാരിനുള്ള സമീപനം വ്യക്തമാണ്.

അധികാരമേറ്റ് ചില മാസങ്ങള്‍ പിന്നിടുമ്പോഴാണ് മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് അറിയപ്പെടുന്ന ഇ പി ജയരാജനെതിരേ ബന്ധുനിയമന അഴിമതിയാരോപണം വന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ആ നിയമനത്തില്‍ ക്രമക്കേടുണ്ടെന്നു വ്യക്തമായതിനാലാണല്ലോ ജയരാജനു രാജിവയ്‌ക്കേണ്ടിവന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തന്നെ ഇക്കാര്യത്തില്‍ ജയരാജനെയും ശ്രീമതി ടീച്ചറെയും ശാസിക്കുകയും ചെയ്തതാണ്. നിയമിക്കപ്പെട്ട വ്യക്തി സ്ഥാനം ഏറ്റെടുത്തില്ല എന്നതിനാല്‍ സര്‍ക്കാരിനു ധനനഷ്ടം വന്നില്ലെന്ന ഒഴികഴിവിലൂടെ ജയരാജനെ വിജിലന്‍സ് കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പ്രളയത്തിന്റെ ദുരന്തനാളുകളില്‍ ജയരാജന്‍ വീണ്ടും മന്ത്രിയാവുകയും ചെയ്തു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാരിന്റെ അഴിമതികള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചെറുതല്ലെന്നു കാണാം. ഈ വിഷയങ്ങളിലെല്ലാം മുന്‍ സര്‍ക്കാരിന്റെ തന്നെ സമീപനമാണ് ഏറിയും കുറഞ്ഞും ഇവരും സ്വീകരിച്ചതെന്നും കാണാം. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കുരിശു പൊളിക്കല്‍ അതിലൊന്നു മാത്രം. മന്ത്രി മണിയുടെ സഹോദരന്‍ ഉള്‍പെട്ടതടക്കം 250ല്‍പരം കൈയേറ്റങ്ങളുടെ പട്ടിക സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടും ഒരാള്‍ക്കെതിരേ പോലും നടപടിയെടുക്കാന്‍ അനുവദിക്കാതിരിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്? ശക്തമായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് ജീവന്‍ തന്നെ അപകടത്തിലായ പ്ലം ജൂഡി റിസോര്‍ട്ടിലെ താമസക്കാരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് രക്ഷിക്കുമ്പോഴും അപകടകരമായും നിയമവിരുദ്ധമായും നിര്‍മിച്ച ആ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ അനുവദിക്കാത്ത എംഎല്‍എ പരസ്യമായി അഴിമതിക്കു ചൂട്ടുപിടിക്കുകയാണ്. സര്‍ക്കാര്‍ അവിടെ അഴിമതിക്കൊപ്പമാണ്.

ഇതുതന്നെയാണ് ഹാരിസണ്‍ ഭൂമി കേസിന്റെയും അവസ്ഥ. കേസില്‍ സര്‍ക്കാര്‍ തോറ്റു; എന്നല്ല തോറ്റുകൊടുത്തു. ആ വിഷയം ഏറെ ഗഹനമായി പഠിക്കുകയും നാളിതുവരെ നന്നായി കേസ് നടത്തുകയും ചെയ്തിരുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുശീല ഭട്ടിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതുതന്നെ ഈ ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ചതാണ് ഈ ലേഖകന്‍ അടക്കം പലരും. എന്നാല്‍, അതൊന്നും വകവയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയി. ഹാരിസണ്‍ കമ്പനിക്കു വേണ്ടി മുമ്പ് കേസ് നടത്തിയിരുന്ന വ്യക്തിയാണ് റവന്യൂ കേസുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് എന്നതുതന്നെ സംശയം ബലപ്പെടുത്തുന്ന വസ്തുതയാണ്.

ഇടതുപക്ഷം നിലനിര്‍ത്തുമെന്ന് പൊതുസമൂഹം പ്രതീക്ഷിച്ച ധാര്‍മികതയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത നിരവധി വ്യക്തികള്‍ മന്ത്രിയും എംഎല്‍എയും ഒക്കെയായി ഈ സര്‍ക്കാരിനൊപ്പമുണ്ട്. മന്ത്രി ശശീന്ദ്രനെതിരേ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണം ഒരു കെണിയായിരുന്നു എന്ന വാദം തള്ളിക്കളയുന്നില്ല. തല്‍ക്കാലം അദ്ദേഹം കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയുമാണ്.

എന്നാല്‍, ശശീന്ദ്രനു പകരം മന്ത്രിയാവാന്‍ അവരുടെ പാര്‍ട്ടി നിയോഗിച്ച തോമസ് ചാണ്ടി, പണമുണ്ടെങ്കില്‍ ഏതു തെറ്റും ചെയ്യാമെന്നു തെളിയിച്ച വ്യക്തിയാണ്. പൊതുപണത്തിന്റെ ദുര്‍വിനിയോഗം, കായല്‍ അടക്കമുള്ള പൊതുവിഭവങ്ങളുടെ കൈയേറ്റം, ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള പുച്ഛം എന്നിവ പരസ്യമായി നടത്തിയിട്ടും അദ്ദേഹത്തെ സര്‍ക്കാര്‍ അവസാന നിമിഷം വരെ പിന്താങ്ങിയത് കടുത്ത അഴിമതി തന്നെയാണ്. സര്‍ക്കാരിനെതിരേ ഒരു മന്ത്രി ഹൈക്കോടതിയില്‍ കേസ് കൊടുത്ത അത്യപൂര്‍വ സാഹചര്യം ഉണ്ടായപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നത് നാം കണ്ടു. റവന്യൂ മന്ത്രിയുടെ അപ്രിയത്തെ ആ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ കൈയിലെടുത്തു മറികടക്കുന്നതും ഒന്നിലേറെ തവണ നാം കണ്ടു. ഒടുവില്‍ കോടതി ഇടപെട്ടപ്പോഴാണ് അദ്ദേഹം ഒഴിഞ്ഞത്. ി


(അവസാനിക്കുന്നില്ല.)



Tags:    

Similar News