ടി ജി മോഹന്‍ദാസിന്റേത് ഏതോ കില്ലര്‍ സ്‌ക്വാഡുകള്‍ക്കുള്ള കല്‍പ്പന; അണികളെ ഉത്തേജിപ്പിക്കാന്‍ കുരുതിക്കുള്ള ആഹ്വാനം: ഡോ. ടി എം തോമസ് ഐസക്

Update: 2021-06-10 05:21 GMT

കോഴിക്കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിന്റെ അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരിക്കുകയാണ്. കുഴല്‍പ്പണ കവര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന നേതൃത്വം ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാക്കളെ ചോദ്യംചെയ്തതോടെ പ്രതിരോധത്തിലായി. കുഴല്‍പ്പണ ഇടപാടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകള്‍ പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധിക്ക് കാരണായി.

അതിനിടയിലാണ് കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാന്‍ പുതിയ അജണ്ട നിശ്ചയിക്കണമെന്ന ആഹ്വാനം യുവമോര്‍ച്ച നടത്തിയ ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ബിജെപി നേതാവ് ടി ജി മോഹന്‍ദാസാണ് യുവമോര്‍ച്ചയുടെ പ്രധാന നേതാക്കള്‍ പങ്കെടുത്ത ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ഗുജറാത്ത് കലാപം അടക്കം ഓര്‍മപ്പെടുത്തി ഇത്തരമൊരു ആഹ്വാനം നടത്തിയത്. ഇതിന്റെ വീഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്.

ടി ജി മോഹന്‍ദാസിന്റേത് ഏതോ കില്ലര്‍ സ്‌ക്വാഡുകള്‍ക്കുള്ള കല്‍പ്പനയാണെന്നും വീര്യം നഷ്ടമായ അണികളെ ഉത്തേജിപ്പിക്കാന്‍ കുരുതിക്കുള്ള ആഹ്വാനമാണെന്നും ഡോ. ടി എം തോമസ് ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയനേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തന്‍ പദ്ധതികളാണെന്നും ഐസക് കുറിച്ചു.

ഡോ. ടി എം തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കുഴല്‍പ്പണക്കേസില്‍നിന്ന് തലയൂരാന്‍ വെടികൊണ്ട പന്നിയെപ്പോലെ പായുന്ന ബിജെപി നേതാക്കള്‍ക്ക് ടി ജി മോഹന്‍ദാസ് ഓതിക്കൊടുത്ത ഉപായം, ആ പാര്‍ടിയുടെ മാഫിയാസ്വഭാവത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ബൗദ്ധികവിഭാഗം സംസ്ഥാന കണ്‍വീനറാണത്രേ മോഹന്‍ദാസ്. കുഴല്‍പ്പണവിവാദത്തിലെ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ജനവിശ്വാസം ആര്‍ജിക്കണമെന്നല്ല ബുദ്ധിശാലി ഉപദേശിച്ചുകൊടുക്കുന്നത്. മറിച്ച് നാട്ടില്‍ കലാപവും കൊലപാതകവും അഴിച്ചുവിട്ട് എത്രയും വേഗം വിവാദത്തില്‍നിന്ന് ശ്രദ്ധതിരിക്കണമെന്നാണ്. ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയനേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തന്‍ പദ്ധതികളാണ്.

അദ്ദേഹത്തിന് എത്രയും വേഗം കുഞ്ഞുസ്‌ഫോടനങ്ങളെ അപ്രസക്തമാക്കുന്ന മെഗാ സ്‌ഫോടനങ്ങള്‍ വേണം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം ഒരു പല്ല് പറിക്കുന്നവരുടെ താടി അടിച്ചുപൊട്ടിക്കണം. ഡിസ്പ്രപ്പോഷണേറ്റ് റിട്ടാലിയേഷന്‍ എന്നും ഇംഗ്ലീഷ് പ്രയോഗവും നടത്തിയിട്ടുണ്ട്. അനുപാതം കവിഞ്ഞ തിരിച്ചടിയെന്ന് തര്‍ജമ ചെയ്യാം, ആ പ്രയോഗത്തെ. അതിനുള്ള ആയുധങ്ങള്‍ ആവോളം കൈയിലുണ്ടത്രേ.

അന്തംവിട്ടാല്‍ എന്തും ചെയ്യുന്ന പ്രതിയുടെ ഭ്രാന്തുപിടിച്ച അവസ്ഥയിലേയ്ക്ക് ബിജെപി നേതൃത്വം നിലം പതിച്ചുകഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട യുവമോര്‍ച്ചക്കാര്‍ പങ്കെടുത്ത ക്ലബ് ഹൗസ് യോഗത്തിലാണ് ഈ ആഹ്വാനം എന്ന് ഓര്‍ക്കുക. ഏതോ കില്ലര്‍ സ്‌ക്വാഡുകള്‍ക്കുള്ള കല്‍പന തന്നെയാണിത്. വീര്യം നഷ്ടപ്പെട്ട അണികളെ ഉത്തേജിപ്പിക്കാന്‍ കുരുതിയ്ക്കുള്ള ആഹ്വാനം. അനുപാതം കവിഞ്ഞുനില്‍ക്കണം പ്രതികാരമെന്നു കല്‍പ്പിക്കുന്നതിലൂടെ സാധാരണ പ്രവര്‍ത്തകരെയൊന്നുമാവില്ല ഉന്നംവയ്ക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്കുള്ള പച്ചയായ ആഹ്വാനമായിത്തന്നെയാണ് നിയമസംവിധാനം ഈ ശബ്ദരേഖയെ കണക്കിലെടുക്കേണ്ടത്.

2016ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ കണ്ണൂരിനെ ചോരക്കളമാക്കാന്‍ ആര്‍എസ്എസ് നടത്തിയ കളികളാണ് ഈ ഘട്ടത്തില്‍ ഓര്‍മവരുന്നത്. എല്‍ഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിലേയ്ക്ക് ബോംബെറിഞ്ഞാണ് സഖാവ് രവീന്ദ്രനെ വകവരുത്തിയത്. തൊട്ടുപിന്നാലെ സി വി ധനരാജിന്റെ കൊലപാതകം. അതിനുപിന്നാലെ സഖാവ് മോഹനന്റെ കൊലപാതകം. അടുപ്പിച്ചടുപ്പിച്ച് മൂന്ന് കൊലപാതകങ്ങളാണ് അവര്‍ നടത്തിയത്.

അതില്‍ ധനരാജിന്റെ കൊലയാളികളില്‍ പാറശാല പരശുവയ്ക്കല്‍ സ്വദേശിയുമുണ്ടായിരുന്നു. പാറശാലക്കാരന് കണ്ണൂരുകാരനോട് വ്യക്തിവൈരാഗ്യം ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്തത് ഈ പാറശാല സ്വദേശിയാണ്. ഇത്തരത്തില്‍ ഇരയെ തെരഞ്ഞെടുക്കാനും കൊല ആസൂത്രണം ചെയ്യാനും പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട കാര്യവാഹകന്മാര്‍ ആര്‍എസ്എസിലുണ്ട് എന്ന് സംശയലേശമെന്യെസമൂഹത്തിന് ബോധ്യമായത് ഈ കൊലപാതകത്തിലെ പാറശാല സ്വദേശിയുടെ സാന്നിധ്യത്തിലൂടെയാണ്. ഇത്തരം ക്രിമിനലുകള്‍ ഉള്‍പ്പെട്ടിരുന്ന യോഗത്തിലാണോ ടി ജി മോഹന്‍ദാസിന്റെ ആഹ്വാനമെന്ന് സംസ്ഥാന പോലിസും ഇന്റലിജന്‍സ് വിഭാഗവും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, വി വി രാജേഷ് തുടങ്ങിയവരൊക്കെ സന്നിഹിതരായിരുന്ന ക്ലബ് ഹൗസ് യോഗത്തിലാണ് മോഹന്‍ദാസ് തന്റെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചത്. ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ ഇനി നാം പ്രതീക്ഷിക്കുക തന്നെ വേണം. സംസ്ഥാനത്ത് നിലവില്‍ യാതൊരു രാഷ്ട്രീയസംഘര്‍ഷവും നിലനില്‍ക്കുന്നില്ല. ഈ ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമം ആര്‍എസ്എസ്സിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അത് ഈ യോഗതീരുമാനം അനുസരിച്ചായിരിക്കുമെന്ന് വ്യക്തം.

കുഴല്‍പ്പണക്കേസ് ബിജെപി സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായയെ പൂര്‍ണമായും തകര്‍ക്കും. ബിജെപിയുടെ വോട്ടുശതമാനം 2016 തിരഞ്ഞെടുപ്പുവരെ അനുക്രമമായി വര്‍ധിച്ചുവന്നത് താഴ്ന്നുതുടങ്ങി. ഈ ഇടിവിന് കുഴല്‍പ്പണം ആക്കം കൂട്ടും. ഇത് എത്രമാത്രം അവരെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ക്ലബ് ഹൗസിലെ അവരുടെ കൂടിച്ചേരലിലെ വര്‍ത്തമാനങ്ങള്‍. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ രഹസ്യമല്ല, പബ്ലിക് ഡൊമൈനില്‍ പങ്കെടുക്കുന്ന ഒരാള്‍ക്കു ലഭ്യമാക്കാനാവും എന്നുപോലും ഈ നേതാക്കന്‍മാര്‍ക്ക് തിരിച്ചറിവില്ലാതെ പോയി എന്നതും വിസ്മയകരമാണ്.

Tags:    

Similar News