തുടര്‍ച്ചയായ സര്‍വ്വേകള്‍ പൊതുസമ്മതം നേടാനുള്ള സമ്മര്‍ദ്ദതന്ത്രം

Update: 2021-03-30 09:26 GMT

ആസാദ്

കോഴിക്കോട്: തുടര്‍ച്ചയായ സര്‍വേ ഫലങ്ങള്‍ ജനങ്ങളില്‍ പൊതുസമ്മതം രൂപീകരിക്കാനുള്ള ശ്രമങ്ങളാണെന്ന് ഡോ. ആസാദ്. അതേസമയം സര്‍ക്കാര്‍ പരസ്യങ്ങളും കണക്കുതീര്‍ത്ത കുടിശ്ശികയും ഉപകാരസ്പമരണചിന്തയുമാണ് ഇതിന്റെ പിന്നില്‍. ഒപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ അന്തര്‍നാടങ്ങളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്രാധിപന്മാര്‍ നിരന്നിരുന്ന് നടത്തിയ ഒരു രാഷ്ട്രീയ വിചാരം എങ്ങനെയൊരു പ്രചാരണപരിപാടിയായെന്ന് അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: ''രണ്ടു ദിവസം മുമ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ കണ്ടിരുന്നു. എന്തൊരു ആധികാരികതയോടെയാണ് അവര്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കാന്‍പോകുന്ന സമ്മതി ദാനത്തെപ്പറ്റി പ്രവചിക്കുന്നത്! ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണനും റിപ്പോര്‍ട്ടറിലെ നികേഷ് കുമാറും 24ലെ ശ്രീകണ്ഠന്‍ നായരും മീഡിയാ വണ്ണില്‍ നിന്നു വിരമിച്ച സി എല്‍ തോമസും മനോരമയിലെ ജോണി ലൂക്കോസും ഒക്കെ നിരന്നിരിക്കുന്നതു കണ്ടു. എല്‍ഡിഎഫ് വരും എന്നു തീര്‍ച്ചപ്പെടുത്തി പറയാന്‍ ആരോ നിയോഗിച്ച മട്ടിലാണ് നിര്‍വ്വഹണം. ഇനി എല്‍ ഡി എഫിന്റെ കാലമാണെന്നു വരെ ഒരാള്‍ തട്ടിവിടുന്നതു കേട്ടു. ഏതെങ്കിലും സര്‍വ്വേ മുന്‍ നിര്‍ത്തിയല്ല ചര്‍ച്ച. മാധ്യമശേഷി വഴിയുന്ന വിശകലന വൈഭവം പ്രേക്ഷകരിലേക്ക് കുത്തി നിറയ്ക്കുന്ന പ്രചാരണ പരിപാടിയായിരുന്നു അത്.''

ജോസ് വിഭാഗത്തിന് മദ്ധ്യ കേരളത്തില്‍ ഒരത്ഭുതവും പ്രകടിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ടെന്നും അതിനുളള മറുവഴിയാണ് പി ആര്‍ പ്രതിഭകള്‍ തട്ടിക്കൂട്ടുന്ന സര്‍വേകളെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

തുടര്‍ച്ചയായ സര്‍വ്വേകള്‍ പൊതുസമ്മതം നേടാനുള്ള സമ്മര്‍ദ്ദതന്ത്രമായി മാറുന്നു. സര്‍ക്കാറില്‍നിന്നുള്ള അളവറ്റ പരസ്യങ്ങളും കണക്കു തീര്‍ത്ത കുടിശ്ശികയും നല്‍കുന്ന സംതൃപ്തിയും ഉപകാരസ്തുതിചിന്തയും നുരഞ്ഞു പൊന്തുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ ചില അന്തര്‍ നാടകങ്ങളുടെ ചിത്രം തെളിയുന്നുമുണ്ട്.

പത്രാധിപന്മാര്‍ നിരന്നിരുന്ന് നടത്തിയ ഒരു രാഷ്ട്രീയ വിചാരം രണ്ടു ദിവസം മുമ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ കണ്ടിരുന്നു. എന്തൊരു ആധികാരികതയോടെയാണ് അവര്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കാന്‍പോകുന്ന സമ്മതി ദാനത്തെപ്പറ്റി പ്രവചിക്കുന്നത്! ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണനും റിപ്പോര്‍ട്ടറിലെ നികേഷ് കുമാറും 24ലെ ശ്രീകണ്ഠന്‍ നായരും മീഡിയാ വണ്ണില്‍ നിന്നു വിരമിച്ച സി എല്‍ തോമസും മനോരമയിലെ ജോണി ലൂക്കോസും ഒക്കെ നിരന്നിരിക്കുന്നതു കണ്ടു. എല്‍ഡിഎഫ് വരും എന്നു തീര്‍ച്ചപ്പെടുത്തി പറയാന്‍ ആരോ നിയോഗിച്ച മട്ടിലാണ് നിര്‍വ്വഹണം. ഇനി എല്‍ ഡി എഫിന്റെ കാലമാണെന്നു വരെ ഒരാള്‍ തട്ടിവിടുന്നതു കേട്ടു. ഏതെങ്കിലും സര്‍വ്വേ മുന്‍ നിര്‍ത്തിയല്ല ചര്‍ച്ച. മാധ്യമശേഷി വഴിയുന്ന വിശകലന വൈഭവം പ്രേക്ഷകരിലേക്ക് കുത്തി നിറയ്ക്കുന്ന പ്രചാരണ പരിപാടിയായിരുന്നു അത്.

ഏറെക്കുറെ അതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഏഷ്യാനെറ്റിന്റെ മൂന്നാമത് സര്‍വേഫലമായി പുറത്തു വന്നത്. ഓരോ ഫലപ്രഖ്യാപനവും വോട്ടര്‍മാരെ കാറ്റിന്റെ ഗതി പഠിപ്പിക്കുന്ന അതികൗശലങ്ങള്‍ തന്നെ! വടക്കന്‍ കേരളത്തില്‍ വലിയ അളവില്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ ഡി എഫ് വിജയിക്കൂ. നേരത്തേ, കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വരുന്നതോടെ മദ്ധ്യ കേരളം യു ഡി എഫിനെ വിട്ട് ഇടത്തോട്ടു ചായും എന്ന കണക്കുകൂട്ടലുണ്ടായിരുന്നു. അതുമതി വിജയിക്കാന്‍ എന്ന വിചാരം ഇപ്പോള്‍ ഏറെക്കുറെ അസ്തമിച്ചിട്ടുണ്ട്. ജോസ് വിഭാഗത്തിന് മദ്ധ്യ കേരളത്തില്‍ ഒരത്ഭുതവും പ്രകടിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് എല്‍ ഡി എഫ് നേതൃത്വത്തില്‍ ഞെട്ടലുണ്ടാക്കി. തുടര്‍ന്നാണ് മറ്റൊരു വഴി തേടി പി ആര്‍ പ്രതിഭകള്‍ ചാടിപ്പുറപ്പെട്ടത്. മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ ഡി എഫ് നേടും എന്ന സര്‍വ്വേഫലം ചമച്ച് പുതിയ ഓളം സൃഷ്ടിക്കാന്‍ കഴിയുമോ എന്നായിരുന്നു നോട്ടം. അവരുണ്ടാക്കി നല്‍കിയ ഫലം ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു പോലും അപ്പടി വിഴുങ്ങാന്‍ മനസ്സുവന്നില്ല!

പരമാവധി പതിനാറു സീറ്റാണത്രെ ഉത്തര കേരളത്തില്‍ യു ഡി എഫിനു കിട്ടുക! ബി ജെ പിക്ക് നാലു സീറ്റുവരെയും അവിടെ ലഭിക്കുമത്രെ! വലിയ എല്‍ ഡി എഫ് തരംഗമാകും വടക്കന്‍ കേരളത്തിലെന്ന പ്രവചനം വാസ്തവത്തില്‍ മറ്റിടങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ഒറ്റ രാഷ്ട്രീയ ലക്ഷ്യമേ പ്രസരിപ്പിക്കുന്നുള്ളു. മുസ്ലീം ലീഗിനു മാത്രം ഇരുപതോളം സീറ്റുകള്‍ കിട്ടാനിടയുള്ള രാഷ്ട്രീയ സാഹചര്യം എന്തിന്റെ പേരിലാണ് അട്ടിമറിയുക എന്നു വിശദീകരിക്കുന്നില്ല. മുസ്ലീം സമൂഹം ഏറ്റവുമധികം ഒറ്റപ്പെടുത്തപ്പെട്ട കാലമാണ്. താഹ മുതല്‍ സിദ്ദിഖ് കാപ്പന്‍വരെ യു എ പി എ കേസിലകപ്പെട്ടു ജയിലിലാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിനോടു സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ആ വോട്ടുകള്‍ വലിയ അളവില്‍ എല്‍ ഡി എഫിനു ലഭിക്കുമെന്ന് പെയ്ഡ് സര്‍വ്വേകള്‍കൊണ്ട് സ്ഥാപിക്കാന്‍ അല്‍പ്പം പണവും എന്തും പറയാനുള്ള മെയ് വഴക്കവും മതിയാവും. എന്നാല്‍ ജനസമ്മതി ജനങ്ങളുടെ നിശ്ചയമാണ്. പേമാരിപോലെ പെയ്തു പ്രളയം തീര്‍ക്കുന്ന മാധ്യമനുണകളെ അതിജീവിക്കാന്‍ വേണ്ട നീറ്റലുകള്‍ ജനങ്ങള്‍ സഹിച്ച മുറിവുകള്‍ക്കുണ്ട്.

വന്‍കിട മാദ്ധ്യമ ശൃംഖലയും സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണ സാദ്ധ്യതയും പുതുമുതലാളിത്ത വികസന താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള അജണ്ട അംഗീകരിച്ചു നടപ്പാക്കുന്നവയാണ്. വലിയ കോര്‍പറേറ്റ് ഏജന്‍സികള്‍ ജനങ്ങളില്‍ അഭിരുചിയും സമ്മതവും നിര്‍മ്മിക്കുന്നു. അതിനു വേണ്ട ഭരണവ്യവഹാരങ്ങള്‍ സംസ്ഥാന ഭരണകൂടം എളുപ്പമാക്കുന്നുണ്ട്. സി പി എം പഴയ തൊഴിലാളിവര്‍ഗ പാര്‍ട്ടിയല്ല. ഇപ്പോള്‍ വര്‍ഗ ഒത്തുതീര്‍പ്പുകളെക്കുറിച്ചു സംസാരിക്കാനുള്ള പ്രാപ്തി നേടിയിട്ടുണ്ട്. സൈബര്‍യുദ്ധത്തിലൂടെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ സൈന്യമുണ്ട്. വലിയ മാദ്ധ്യമങ്ങള്‍ എന്തും നിര്‍വ്വഹിക്കാന്‍ ആജ്ഞ കാത്തു കിടക്കുന്നുണ്ട്. കേന്ദ്ര യജമാനന്മാരുടെ സമ്പൂര്‍ണ പിന്തുണയും കിട്ടുന്നുണ്ട്.

അതുകൊണ്ട് ജനങ്ങളെ സര്‍വ്വേകള്‍ കാണിച്ചും തെറ്റായ വിശദീകരണങ്ങള്‍ നല്‍കിയും കീഴ്‌പ്പെടുത്താമെന്ന് കരുതേണ്ട. വടക്കന്‍ കേരളത്തില്‍ ബി ജെ പിക്കു നാലു സീറ്റു കിട്ടാനുള്ള സാദ്ധ്യത മുന്നോട്ടു വെക്കുന്നുവെങ്കില്‍ അതിന് ഒരര്‍ത്ഥമേയുള്ളു. എല്‍ ഡി എഫ് ബി ജെ പി അവിഹിതബന്ധമുണ്ട് എന്ന പ്രഖ്യാപനമാണ് അത്. അങ്ങനെ മാറി വോട്ടു ചെയ്യാനുള്ള ആഹ്വാനവുമാണ് അത്. ആ അവിഹിത ബന്ധത്തിന് ലീഗിന്റെ സീറ്റുകള്‍ പോലും കുറയ്ക്കാന്‍ കഴിയും എന്ന വിശ്വാസം നല്‍കലാണത്. ഏഷ്യാനെറ്റിനും എല്‍ ഡി എഫിനും യോജിപ്പിന്റെ പിന്‍നിലം ഏതാവുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. അതു തുറന്നു കാട്ടിയതിന് സര്‍വ്വേക്കു നന്ദി പറയണം.


Tags:    

Similar News