മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വേറിട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി യൂനുസ് സലീം
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഫുട്‌ബോള്‍ ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതായി യൂനുസ് സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേറിട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായാണ് പൊന്മുണ്ടം ഇട്ടിലാക്കല്‍ സ്വദേശിയായ എന്‍ജിനീയറിങ് ബിരുദധാരി മത്സരിക്കുന്നത്. ജയിച്ചാല്‍ ജില്ലയുടെ സമഗ്ര വികസനത്തിനായി 20 പദ്ധതികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനവുമുണ്ട്.
ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം സ്ഥാപിക്കും, മലപ്പുറം മഞ്ചേരി ടൗണ്‍ ബന്ധിപിച്ച് ഗ്രേറ്റര്‍ മലപ്പുറം ക്യാപിറ്റല്‍ ഡവലപ്‌മെന്റ് അതോറിറ്റി രൂപികരിക്കും, കോഴിക്കോട് വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പ്രവാസികള്‍ക്കും നിക്ഷേപകമ്പനിയാക്കും, കരിപ്പൂരില്‍ നിന്ന് മലേഷ്യ, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും, മലപ്പുറത്ത് എയിംസ് സ്ഥാപിക്കും അങ്ങനെ പോകുന്നു പദ്ധതികള്‍.
നേരത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മണ്ഡലം ഭാരവാഹിയുമായിരുന്ന യൂനിസിനെ കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കുകയായിരുന്നു. 16 വര്‍ഷം പ്രവാസിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ മലയാളി കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ആണ്.