നാട്ടുകാരേ, എത്ര വേഗമാണ് നിങ്ങള്‍ക്ക് ഞങ്ങള്‍, പ്രവാസികളെ വേണ്ടാതായത്?
കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലാണ്. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത് പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍ മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്നാണ് ഏവരും പുകഴ്ത്തിയത്്. എന്നാല്‍, കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. എല്ലാവരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രവാസ ലോകത്തെ ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് ജിദ്ദ (സൗദി)യില്‍നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിന്റെ എഡിറ്റര്‍ മുസാഫിര്‍.
മുസാഫിര്‍
ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്.
കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലായിരുന്നു. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത് പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍ മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് പുകഴ്ത്തി നടന്നവരേയും ഓര്‍മ വന്നു.
ക്വാറന്റൈന്‍ കേള്‍ക്കാന്‍ സുഖമുള്ള വാക്കാണെങ്കിലും ലക്ഷക്കണക്കിന് ദിവസ വരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ദിവസം വീട്ടിലിരുന്നാല്‍ അന്നന്നത്തെ അന്നം നഷ്ടമായി എന്നാണര്‍ഥം. അല്ലെങ്കില്‍ ഉപജീവനത്തിന് പരാശ്രയമേ ഗതിയുള്ളു എന്നും അര്‍ഥം. വ്യവസ്ഥാപിത ജോലികളിലല്ലാതെ, സ്ഥിര ശമ്പളക്കാരല്ലാതെ, നിത്യവരുമാനക്കാരായ ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് നഗരങ്ങള്‍ ലോക് ഡൗണ്‍ ആയതോടെ ക്ലേശങ്ങളുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടത്. . ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍, അലക്കു- ബാര്‍ബര്‍, കണ്‍സ്ട്രക് ഷന്‍ കമ്പനി തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍... ഈ ഗണത്തില്‍പ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അതാത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഔദ്യോഗിക രേഖകളില്‍പ്പോലും കാണില്ല. ഇവരുടെ പണം കാത്ത് നാട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍ പോലും നിങ്ങള്‍ ഇങ്ങോട്ട് വരല്ലേ, നിങ്ങള്‍ എങ്ങനെയെങ്കിലും പണം അയച്ച് അവിടെത്തന്നെ കഴിഞ്ഞാല്‍ മതിയെന്നാണിപ്പോള്‍ വിലപിക്കുന്നത്. നാട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും പ്രവാസി എത്ര പെട്ടെന്നാണ് അനഭിമതനായത്? കേരളീയരേക്കാള്‍ ഒരു പക്ഷേ കേരളത്തെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് പ്രവാസി മലയാളികള്‍ എന്ന മുഖ്യമന്ത്രിയുടെ സത്യസന്ധമായ അഭിപ്രായത്തിന് അതുകൊണ്ടുതന്നെ ഗള്‍ഫ് മലയാളികള്‍ ബിഗ് സല്യൂട്ട് അടിക്കുന്നു. കോവിഡിനു ശേഷമുള്ള ഗള്‍ഫിന്റെ സ്ഥിതിയെക്കറിച്ച് ഏറെ വേവലാതിയോടെ മാത്രമേ ചിന്തിക്കാനാവൂ. കേരള സര്‍ക്കാരിന്റെ ആ വഴിയ്ക്കുള്ള എന്തെങ്കിലും പരിഹാരമാര്‍ഗം, പ്രായോഗികമാകുമെങ്കില്‍ അത്രയും നല്ലത്.മഹാമാരിയുടെ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വുഹാനില്‍ തിരിച്ചെത്തിയ സമാധാനം ഒരു വേള, ലോകത്തിനാകെ ആശ്വാസം പകരുന്നു. അപ്പോഴും പ്രവാസികളുടെ ഭാവിയെന്താവും എന്ന ഉല്‍ക്കണ്ഠ ഗള്‍ഫിലിപ്പോള്‍ സംസാരവിഷയമാണ്. പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുന്ന കാര്യമാണ് ഗൗരവത്തോടെ ആലോചിക്കുന്നത്്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യയിലെ പതിനാറു ലക്ഷത്തിലധികം മലയാളികള്‍ വരാനിരിക്കുന്ന നാളുകളെ ഭീതിയോടെയാണ് കാണുന്നത്. വളരെ ചെറിയ ഒരു വിഭാഗമാളുകള്‍ ഒഴിച്ച് ബഹുഭൂരിപക്ഷം പേരും അനിശ്ചിതത്വത്തിന്റേയും അസ്ഥിരതയുടേയും അവസ്ഥാന്തരങ്ങളിലേക്ക് ഇതിനകം തന്നെ വലിച്ചെറിയപ്പെട്ട് കഴിഞ്ഞു. അപ്പോഴും ജീവിക്കുന്ന രാജ്യത്തിന്റെ, അതിജീവനത്തിന് വഴികാട്ടിത്തന്ന രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയില്‍, പൊതു സുരക്ഷയില്‍ മലയാളി ഡോക്ടര്‍മാരും നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുമായ വലിയൊരു വിഭാഗം മലയാളികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അനുഷ്ഠിക്കുന്ന സേവനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. മരണം മുന്നില്‍ കണ്ടു കൊണ്ടാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകനും ഇവിടേയും നിതാന്ത ജാഗ്രതയോടെ ജോലിയില്‍ മുഴുകുന്നത്, സേവനത്തിന്റെ നിറദീപം ജ്വലിപ്പിക്കുന്നത്.
സൗദിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി എല്ലാ സ്ഥലത്തും കര്‍ഫ്യൂ പ്രഖ്യാപിച്ച് നാലഞ്ചുദിവസമേ ആയുള്ളു. അതിനുമുമ്പ് തലസ്ഥാനമായ ജിദ്ദയടക്കം നിരവധി സ്ഥലങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ലോകമുസ്ലിമുകളുടെ രണ്ടു പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും ലോക് ഡൗണില്‍ ആണ്. ഉമ്ര തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. രണ്ടു മൂന്നുമാസം കഴിഞ്ഞുവരുന്ന ഹജ്ജ് നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്ലാ രാഷ്ട്രങ്ങളോടും ഹജ്ജിന്റെ ഒരുക്കങ്ങള്‍ തല്‍ക്കാലം തുടങ്ങേണ്ടതില്ല എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
തീര്‍ച്ചയായും ലോകത്തെ എല്ലാവരുടെ ഭാവിയും അനശ്ചിതത്വത്തില്‍ തന്നെയാണ്. എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കേരളത്തിലെ അതിഥി സംസ്ഥാനത്തെഴാളികളില്‍ നിന്നും കാര്യമായി വ്യത്യസ്ഥമല്ല പ്രവാസി മലയാളികളുടെ അവസ്ഥ. നാട്ടിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാവരും ഇപ്പോള്‍ കിനാവ് കാണുന്നത്. തൊഴിലില്ലാതെ എങ്ങനെയാണ് ജീവിക്കുക? പക്ഷെ തിരിച്ചുപോക്കുണ്ടാക്കുന്ന പ്രശ്നങ്ങളുടെ രൂക്ഷത പിന്നാലെ വരാനിരിക്കുന്നതേയുള്ളു. ഒരര്‍ത്ഥത്തില്‍ വിവിധകാരണങ്ങളാള്‍ ഈ തിരിച്ചുപോക്കിന്റെ സാധ്യത എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ഇത് അപ്രതീക്ഷിതവും അതിരൂക്ഷവുമായി എന്നുമാത്രം. ഇപ്പോള്‍ പുറം ലോകവുമായി സംവദിക്കാനൊക്കെ കഴിയുന്നു എന്നത് ആശ്വാസമാണ്. എന്നാലതുപോലും എത്രകാലം നിലനില്‍ക്കും? സുരക്ഷയുടേയും ആരോഗ്യപരിപാലനത്തിന്റേയും കാര്യങ്ങളില്‍ ഭരണാധികാരികള്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതെല്ലാം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് ശിക്ഷ. അതായത് 2 ലക്ഷത്തില്‍പരം രൂപ. അതിനാല്‍ തന്നെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നു. ഇന്ത്യന്‍ ഏബസി, കോണ്‍സുലേറ്റ് എന്നിവയെല്ലാം സജീവമായി രംഗത്തുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുണ്ട്. ആശുപത്രി സൗകര്യങ്ങള്‍ വ്യാപകമായിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്. താമസിയാതെ അത് രണ്ടു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷക്കുന്നത്. ഇപ്പോള്‍ മരണം കുറവാണെങ്കിലും രോഗം വ്യാപകമായാല്‍ കൂടുമെന്നുറപ്പ്. റിയാദിലും മദീനയിലും ഓരോ മലയാളികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ രോധബാധിതരായും നിരീക്ഷണത്തിലുമുണ്ട്. .വരും നാളുകള്‍ ചോദ്യചിഹ്നമായിരിക്കുകയാണ് അവരുടെ മുമ്പില്‍. ലോകം കൊവിഡിനു മുമ്പും ശേഷവും എന്നു വിഭജിക്കപ്പെടുമ്പോള്‍ ശേഷം എന്ന കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്ന ആശങ്ക തന്നെയാണ് പെരുകുന്നത്.
ഈ കുറിപ്പെഴുതുമ്പോള്‍ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 3287 കഴിഞ്ഞു. രണ്ടു മലയാളികളുള്‍പ്പെടെ മരണം 44 ആയി. വിദേശത്ത് കുടുങ്ങിയ സൗദികളെ ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നയതന്ത്ര മേഖലയില്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ തിരിച്ചുപോക്കില്‍ അനിശ്ചിതത്വം തന്നെയാണ്. ഫ്ളാറ്റുകളിലും ക്യാമ്പുകളിലും ബാച്ചിലര്‍ അക്കോമഡേഷനുകളിലും മറ്റും കഴിയുന്നവരില്‍ പലരും ആശങ്കാകുലരാണ്. സൗദിയിലെ ചില ഇന്ത്യന്‍ സാമൂഹിക കൂട്ടായ്മകളിപ്പോള്‍ സജീവമായി രംഗത്തുണ്ട്, അവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍. അത് പോലെ മലയാളി മാനേജ്മെന്റിലുള്ള ആശുപത്രികളുടെ സേവനവും പ്രശംസനീയമാണ്. ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്. ഏതായാലും ഏകാന്തതയുടെ ഈ നാളുകളില്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവരായാലും കുടുംബജീവിതം നയിക്കുന്നവരായാലും പുതിയ അവസ്ഥയെ ഏത് വിധം മറികടക്കണമെന്ന ഉരുകുന്ന ചിന്തയില്‍ത്തന്നെയാണ്. അസ്വാസ്ഥ്യം കോറന്റൈയനിന്റെ ആദ്യദിവസങ്ങളൊക്കെ കഥയായും കവിതയായും ട്രോളുകളായും മാറ്റിയവരെല്ലാം ഇപ്പോള്‍ ആശങ്കയുടേയും അനിശ്ചിതത്വത്തിന്റേയും കാര്‍മേഘങ്ങള്‍ക്കുള്ളിലാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍, മതഗ്രന്ഥ പാരായണം ഇവയൊക്കെയായി നാളുകള്‍ നീക്കുമ്പോഴും കൊറോണാനന്തരകാലത്തിന്റെ വിശാലമായ ഒരു തുറസ്സ് അവര്‍ സ്വപ്നം കാണുന്നുണ്ട്.
സ്വപ്നങ്ങളെ വൈറസ് ചുറ്റിപ്പിണയാത്ത ഇന്നലത്തെ പ്രഭാതത്തില്‍ ഫേസ്ബുക്ക് പേജില്‍ വി.പി ഷൗക്കത്തലിയെന്ന കവി സുഹൃത്ത് പോസ്റ്റ് ചെയ്ത, ശരണ്‍കുമാര്‍ ലിംബാളെയുടെ (ഉവ്വ്, വിശപ്പിനായി കേഴുന്ന കാലത്ത് അരിമണിയോ ഗോതമ്പോ കിട്ടാതെ മണ്‍കട്ടകള്‍ പൊടിച്ചു തിന്ന മറാത്തയിലെ കുട്ടിക്കാലമെഴുതി, വായനയെ കണ്ണീര് കൊണ്ട് മൂടിയ അക്കര്‍മാശി എഴുതിയ ലിംബാളെ.) അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ:ഞാന്‍ നിരാശനും അസ്വസ്ഥനുമാണ്
എനിക്ക് വായിക്കാനോ എഴുതാനോ സ്വസ്ഥമായി
ജീവിക്കാനോ സാധിക്കുന്നില്ല
ജനങ്ങള്‍ നിസ്സഹായരായി മരണവുമായി മുഖാമുഖം നില്‍ക്കുകയാണ്
എനിക്കെങ്ങനെ സന്തോഷത്തോടെ വീട്ടിലിരിക്കാനാവും?
ഞാന്‍ വീട്ടിലല്ല, ഭീതിദമായ വരുംനാളുകളിലാണ്
ഒരു മാസം മുമ്പ് മനുഷ്യര്‍ അപരവംശജരേയും
അന്യമതസ്ഥരേയയും എങ്ങനെ കൊന്നൊടുക്കാമെന്നാണ്
ചിന്തിച്ചിരുന്നത്
ഇപ്പോള്‍ എല്ലാവരും മനുഷ്യനേയും മനുഷ്യരാശിയേയും കുറിച്ചാണ്
ചിന്തിക്കുന്നത്
ജനങ്ങള്‍ മനുഷ്യത്വത്തെക്കുറിച്ചും
നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിനെക്കുറിച്ചുമാണ്
സംസാരിക്കുന്നത്
ഒരു വശത്ത് മരണത്തിന്റെ കൊടുംക്രൂരത
മറുവശത്ത് പ്രാര്‍ഥനാനിര്‍ഭരമായ മനുഷ്യശബ്ദങ്ങള്‍
നമ്മളെല്ലാം നല്ലവരായ മനുഷ്യജീവികളാണ്
മാനവരാശിക്ക് വേണ്ടി നമുക്ക് മനുഷ്യരെ രക്ഷിക്കാം
മനുഷ്യത്വം ശ്രേഷ്ഠമായ ഒരു മതമാണ്.