സിപിഎം തീകൊള്ളികൊണ്ട് തല ചൊറിയുന്നു: എസ്‌വൈഎസ്

സിപിഎം തീകൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും വിമര്‍ശിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള സഹിഷ്ണുതയും പ്രകടിപ്പിക്കണമെന്നും അല്ലാത്തവര്‍ ഭീരുക്കളാണെന്നും സമസ്ത യുവജന വിഭാഗമായ എസ്‌വൈഎസിന്റെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മുഖ്യ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തുറന്നടിച്ചു.

Update: 2020-12-21 12:10 GMT

കോഴിക്കോട്: സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനമഴിച്ചുവിട്ട് സമസ്ത യുവജന വിഭാഗമായ എസ്‌വൈഎസിന്റെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മുഖ്യ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി. സിപിഎം തീകൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും വിമര്‍ശിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള സഹിഷ്ണുതയും പ്രകടിപ്പിക്കണമെന്നും അല്ലാത്തവര്‍ ഭീരുക്കളാണെന്നും അദ്ദേഹം തുറന്നടിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം സിപിഎമ്മിനെതിരേ വിമര്‍ശന ശരമെയ്തത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രി വര്‍ഗീയാഗ്‌നിക്ക് തിരികൊളുത്തരുത് എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം മുഖപ്രസംഗം എഴുതുകയും മുഖ്യമന്ത്രിക്കെതിരേ കടുത്ത വിമര്‍ശനമഴിച്ചുവിടുകയും ചെയ്തു. ലീഗ് യുഡിഎഫിന്റെ തലപ്പത്ത് വന്നാല്‍ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രിയും സിപിഎമ്മും മുസ്‌ലിം ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു.

പിന്നാലെ സമസ്ത മുഖപത്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. മനസില്‍ വര്‍ഗീയ ചിന്ത ഉള്ളത് കൊണ്ടാണ് മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നതെന്നും വര്‍ഗീയതയുടെ അനുരണനമാണെന്ന തരത്തിലാണ് സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.

മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുന്നോട്ട് വന്നിരുന്നു. ഈ വര്‍ഗീയത തുറന്ന് കാണിച്ചപ്പോഴുള്ള മാനസിക ബുദ്ധിമുട്ടാണ് വിമര്‍ശനത്തിന് പിന്നിലെന്നും എ വിജയരാഘവന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിനെതിരേയാണ് സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റുമായി മുന്നോട്ട് വന്നത്.

ഒരു സമൂഹത്തെ മൊത്തം വര്‍ഗീയതയുടെ ചാപ്പ കുത്തി പേരിലും ഊരിലും വാക്കിലും 'ഇസ്ലാം പേടി'യുടെ കാരണങ്ങള്‍ ചികഞ്ഞെടുത്തു സംഘികള്‍ അവസാനിപ്പിച്ചിടത്തു നിന്ന് നിങ്ങള്‍ തുടരുന്ന ഈ വര്‍ഗീയ പോര്‍വിളികളെ കേരള മുസ്‌ലിംകള്‍ വിശിഷ്യാ സമസ്ത ഏതു പൗര സ്വാതന്ത്രത്തിന്റെ വകുപ്പിലാണ് എടുക്കേണ്ടതെന്ന് ജമലുല്ലൈലി തങ്ങള്‍ ചോദിച്ചു.

സമസ്തയെ വര്‍ഗീയതയുമായി കൂട്ടികെട്ടിയവര്‍ അവരുടെ ഭൂത കാലവും രാജ്യത്തു നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ സായുധ, തീവ്ര പ്രവര്‍ത്തനങ്ങളെ കണ്ണോടിച്ചു നോക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജനാധിപത്യ രാജ്യത്ത് ആര്‍ക്കും വിമര്‍ശിക്കാനുള്ള സ്വാതന്ത്രം വകവെച്ചു നല്‍കി കൊണ്ട് പറയട്ടെ ... ഒരു സമൂഹത്തെ മൊത്തം വര്‍ഗീയതയുടെ ചാപ്പ കുത്തി പേരിലും ഊരിലും വാക്കിലും ' ഇസ്ലാം പേടി'യുടെ കാരണങ്ങള്‍ ചികഞ്ഞെടുത്തു സങ്കികള്‍ അവസാനിപ്പിച്ചിടത്തു നിന്ന് നിങ്ങള്‍ തുടരുന്ന ഈ വര്‍ഗീയ പോര്‍വിളികളെ കേരള മുസ്ലീംഗള്‍ വിശിഷ്യാ സമസ്ത ഏതു പൗര സ്വാതന്ത്രത്തിന്റെ വകുപ്പിലാണ് എടുക്കേണ്ടത് ?? മറ്റൊരു മനുഷ്യന്റെ / സംഘടനയുടെ സ്വകാര്യതയുടെയും വിശ്വാസത്തിന്റെയും ഉമ്മറത്തെ ചവിട്ട് കല്ലില്‍ തീരണം നിങ്ങളുടെയൊക്കെ വിമര്‍ശന , ആവിഷ്‌കാര സ്വാതന്ത്രം..വിമര്ശിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള സഹിഷ്ണുതയും പ്രകടിപ്പിക്കണം..അല്ലാത്തവര്‍ ഭീരുക്കളാണ് ..ബഹു: സമസ്തയെ കേരളീയ സാമൂഹ്യ മണ്ഡലത്തില്‍ ഇന്നേ വരെ വര്‍ഗീയതയുടെ പരാമര്‍ശങ്ങള്‍ കൊണ്ട് ഒരാള്‍ പോലും മുറിവേല്‍പ്പിച്ചിട്ടില്ല ..സമസ്ത ഭൂത വര്‍ത്തമാന കാലത്തു പോലും അണുവിട വര്‍ഗീയ തീവ്ര ആശയങ്ങളുമായി, രാജ്യ ദ്രോഹ വിപ്ലവ വിധ്വംസക പ്രവര്‍ത്തനങ്ങളുമായും രഞ്ജിപ്പിലെത്താതെ അവയെ നഖശിഖാന്തം എതിര്‍ത്ത പ്രസ്ഥാനമാണ് ..ഇപ്പൊള്‍ സമസ്തയെ വര്‍ഗീയതയുമായി കൂട്ടികെട്ടിയവര്‍ അവരുടെ കഴിഞ്ഞ കാലവും രാജ്യത്തു നടത്തിയ നടത്തിക്കൊണ്ടിരിക്കുന്ന സായുധ തീവ്ര പ്രവര്‍ത്തനങ്ങളെ ഒന്ന് കണ്ണോടിച്ചു നോക്കുന്നത് നന്നാവും ..തീ കൊള്ളി കൊണ്ടാണ് നിങ്ങള്‍ തല ചൊറിഞ്ഞത് ...

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി

( സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി)

Tags:    

Similar News