ഈ സംഘര്‍ഷങ്ങളെല്ലാം പോക്കറ്റടിക്കാരുടെ മാത്രം ആവശ്യം: ശിഹാബുദ്ദീന്‍ പൊയ്തുംകടവ്
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് വഴിതെറ്റിക്കാന്‍ പൗരന്റെ ശ്രദ്ധ ജാതി, മതം, ദൈവം, അനുഷ്ഠാനം, ആചാരം, വിശ്വാസം ദേശീയതാ സംശയരോഗം,ഇവകളാല്‍ കലുശിതമാക്കുമെന്നും ശിഹാബുദ്ദീന്‍ പൊയ്തുംകടവ് കുറിച്ചു.
കോഴിക്കോട്: രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളെല്ലാം പോക്കറ്റടിക്കാരുടെ മാത്രം ആവശ്യമാണെന്നും ഇത് ഒരു ജനത ഉണര്‍ന്നറിയുന്ന കാലം വരുമോ എന്നും എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. തന്റെ ഫേസ്ബുക്ക് പേജിലാണ് രാജ്യത്തെ നിലവിലെ അവസ്ഥയേ പോക്കറ്റടിക്കാരനായ സുഹൃത്തിന്റെ കഥയിലൂടെ കഥാകൃത്ത് വിവരിക്കുന്നത്.
'മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് വഴിതെറ്റിക്കാന്‍ പൗരന്റെ ശ്രദ്ധ ജാതി, മതം, ദൈവം, അനുഷ്ഠാനം, ആചാരം, വിശ്വാസം ദേശീയതാ സംശയരോഗം, അപര വിദ്വേഷ-വിഷസംക്രമണ തൊഴിലാളികളെ ഇറക്കിയുള്ള പ്രസംഗ ചര്‍ച്ചകള്‍, വെല്ലുവിളികള്‍, സത്യത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വാട്ട്‌സ്ആപ്പ് നുണ വര്‍ഗ്ഗീയ വിഷ പ്രചരണങ്ങള്‍ ഇവകളാല്‍ രാജ്യം കലുഷമാകുമ്പോള്‍ പൗരന്റെ പണവും അവകാശങ്ങളും പോക്കറ്റടിക്കപ്പെടുന്നത് അറിയുന്നില്ല, അതേപ്പറ്റി ഒരു ഉത്ക്കണ്ഠ പോലും ഉയരുന്നില്ല. ഈ സംഘര്‍ഷങ്ങളെല്ലാം പോക്കറ്റടിക്കാരുടെ മാത്രം ആവശ്യമാണെന്ന് ഒരു ജനത ഉണര്‍ന്നറിയുന്ന കാലം വരുമോ?.' ശിഹാബുദ്ദീന്‍ പൊയ്തുംകടവ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
എനിക്ക് പോക്കറ്റടിക്കാരനായ ഒരു സുഹൃത്തുണ്ടായിരുന്നു.
ആള്‍ ഒരു നാടോടി സ്വഭാവക്കാരനാണ്. ഒരിടത്തും സ്ഥിരമായി കാണില്ല. വല്ലപ്പോഴും അപ്രതീക്ഷിതമായി കണ്ടുമുട്ടും.. രണ്ടോ മൂന്നോ മിനുട്ട് സംസാരിച്ച് പിരിയും.
ഒരിക്കല്‍ ഞാന്‍ ചോദിച്ചു:
പോക്കറ്റടിക്കുന്നതിന്റെ രീതി എങ്ങനെയാണു്? എങ്ങനെയാണു് ഉണര്‍ന്നിരിക്കുന്ന മനുഷ്യരെ ഇത്ര അത്ഭുതകരമായി പറ്റിക്കുന്നത്? ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോക്കറ്റടിക്ക് പിന്നിലെ പ്രധാനരഹസ്യം അവന്‍പറഞ്ഞു തന്നു:
ഒറ്റയ്ക്ക് ഒരാള്‍ക്ക് പോക്കറ്റടിക്കാനാവില്ല പോക്കറ്റടിക്കുന്നയാള്‍ക്ക് പുറമെ രണ്ട് പേരെങ്കിലും കൂടെ വേണം' ആളുകളുടെ ശ്രദ്ധ മാറ്റുക എന്നതാണ് ഈ രണ്ടു പേരുടെ ഡ്യൂട്ടി.
ബസിലായാലും തെരുവിലെ ആള്‍ക്കൂട്ടത്തിലായാലും ഈ രണ്ടു പേര്‍ മുട്ടന്‍ വഴക്കിലേര്‍പ്പെടും. അടി ഇപ്പോള്‍ തുടങ്ങും എന്ന മട്ടില്‍ വഴക്ക് മൂര്‍ച്ഛിക്കുമ്പോള്‍ ജനം വഴക്കിന്റെ കാഴ്ചയില്‍ എല്ലാം മറന്ന് മുഴുകും.ഈ സമയം വളരെ ഈസിയായി മൂന്നാമത്തെ ആള്‍ പോക്കറ്റടിച്ച് മുന്നേറും.ലക്ഷ്യം പൂര്‍ത്തിയായാല്‍ പെട്ടെന്ന് വഴക്ക് അവസാനിപ്പിച്ച് അവര്‍ അവിടെ നിന്ന് മുങ്ങുകയും ചെയ്യും.
പോക്കറ്റടിക്കാരനായ ആ ചങ്ങാതിയെ കണ്ടിട്ട് ഏറെക്കാലമായി. ഇപ്പോള്‍ ദല്‍ഹിയിലായിരിക്കണം.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് വഴിതെറ്റിക്കാന്‍ പൗരന്റെ ശ്രദ്ധ ജാതി, മതം, ദൈവം, അനുഷ്ഠാനം, ആചാരം, വിശ്വാസം ദേശീയതാ സംശയരോഗം, അപര വിദ്വേഷബവിഷസംക്രമണ തൊഴിലാളികളെ ഇറക്കിയുള്ള പ്രസംഗ ചര്‍ച്ചകള്‍, വെല്ലുവിളികള്‍, സത്യത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വാട്ട്‌സ്ആപ്പ് നുണ വര്‍ഗ്ഗീയ വിഷ പ്രചരണങ്ങള്‍ ഇവകളാല്‍ രാജ്യം കലുഷമാകുമ്പോള്‍ പൗരന്റെ പണവും അവകാശങ്ങളും പോക്കറ്റടിക്കപ്പെടുന്നത് അറിയുന്നില്ല, അതേപ്പറ്റി ഒരു ഉത്ക്കണ്ഠ പോലും ഉയരുന്നില്ല. ഈ സംഘര്‍ഷങ്ങളെല്ലാം പോക്കറ്റടിക്കാരുടെ മാത്രം ആവശ്യമാണെന്ന് ഒരു ജനത ഉണര്‍ന്നറിയുന്ന കാലം വരുമോ?.