'പര്‍ദ്ദയിട്ട ഒരു ഉമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന കുഞ്ഞു മാളികപ്പുറം'; വൈറലായ ആ ചിത്രത്തിന്റെ കഥ
വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.നജീബ് മൂടാടി ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട്: അക്രമികളെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വൈറലായ ചിത്രമുണ്ടായിരുന്നു. പര്‍ദ്ദയിട്ട ഒരു ഉമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന കുഞ്ഞു മാളികപ്പുറം. മതങ്ങള്‍ക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ മനോഹര കാഴ്ചയായി മാറി ആ ചിത്രം. കേരളത്തിന്റെ മതേതരത്വത്തെ വാഴ്ത്തിക്കൊണ്ട് നിരവധിപേര്‍ ആ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രത്തിലുള്ളത് ആരാണെന്ന് പോലും അറിയാതെയാണ് എല്ലാവരും ഫോട്ടോ പങ്കുവച്ചത്. ആ ഫോട്ടോയ്ക്ക് പുറകിലെ കഥ പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി.
നജീബ് മൂടാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ ഫേസ്ബുക്കില്‍ കണ്ട ആ ചിത്രം, ആരെന്നറിയില്ലെങ്കിലും മനസ്സ് നിറച്ചത് കൊണ്ടാണ്. 'അവര്‍ രണ്ടുപേരും ധരിച്ച കറുത്ത വസ്ത്രങ്ങള്‍ ആര്‍ക്കും മുറിച്ചു മറ്റാനാവാത്ത സ്‌നേഹം കൊണ്ടാണ് നെയ്തത്'. എന്ന ഒരു അടിക്കുറിപ്പോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്.
അത് കണ്ട Safa യാണ് അവളുടെ കസിന്‍ തബ്ഷീര്‍ ആണ് ആ ഉമ്മ എന്ന് പറഞ്ഞതും കൂടെയുള്ള ചിത്രങ്ങള്‍ അയച്ചു തന്നതും. സഫയുടെ വാക്കുകളില്‍ ആ ഉമ്മയെ ഒന്ന് പരിചയപ്പെടാം. ഭര്‍ത്താവും മക്കളുമായി
ദുബായില്‍ എഞ്ചിനീയറായി കഴിയുന്ന തബ്ഷീര്‍ കാസര്‍ഗോഡ് ജില്ലയിലെ 'ചെംനാട്'കാരിയാണ്. M.H. സീതി ഉസ്താദിന്റെ മകള്‍. കാസര്‍ഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങള്‍ വില്‍ക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. 'അനീസാ ബുക് ഡിപ്പോ'. പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുള്ള ചെംനാട് അടക്കം 3 സഹോദരന്മാരും 4 സഹോദരിമാരും ആണ് തബ്ഷീര്‍ന്. മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളപ്പിക്കാന്‍ ഭരണകൂടം പോലും ശ്രമിക്കുന്ന ഇക്കാലത്ത്, ശബരിമല യാത്രക്കിടെ തന്റെ മകള്‍ വേദ തൊട്ടടുത്തിരിക്കുന്ന പര്‍ദ്ദയിട്ട ഉമ്മയുടെ മടിയില്‍ തലവെച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛന്‍ സന്ദീപ് തന്നെയാണ് പകര്‍ത്തിയത്. കോട്ടയത്തു പഠിക്കുന്ന മക്കളെ കാണാന്‍ പോവുകയായിരുന്നു ദുബായില്‍ നിന്നെത്തിയ തബ്ഷീര്‍.
വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.
(നജീബ് മൂടാടി)