ശൈലജ ടീച്ചറുടെ നന്മയെ അഭിവാദ്യം ചെയ്യുന്നു, അനീതി ഓര്‍മിപ്പിച്ചുകൊണ്ട്..

ആരോഗ്യമന്ത്രി കെ കെ ശൈലജയെ വാനോളം പുകഴ്ത്തുമ്പോള്‍ യുവ മാധ്യമപ്രവര്‍ത്തകനായ സാലിഹ് കോട്ടപ്പള്ളിയുടെ ചോദ്യം ഏറെ പ്രസക്തമാണ്

Update: 2019-05-09 07:09 GMT

മലപ്പുറം: എടക്കരയിലെ പിഞ്ചുകുഞ്ഞിന് ചികില്‍സ ലഭ്യമാക്കാന്‍ ഫേസ്ബുക്കിലെ അഭ്യര്‍ഥന മാനിച്ച് ഇടപെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജയെ വാനോളം പുകഴ്ത്തുമ്പോള്‍ യുവ മാധ്യമപ്രവര്‍ത്തകനായ സാലിഹ് കോട്ടപ്പള്ളിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവത്തില്‍ നിന്ന് ഒരു അനീതി ചൂണ്ടിക്കാണിക്കാതെ നന്മയെ പ്രകീര്‍ത്തിക്കാനാവില്ലെന്ന ആമുഖത്തോടെയാണ് കാംപസ് എലൈവ് മാഗസിന്‍ എഡിറ്റര്‍ കൂടിയായ സാലിഹിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലപ്പുറം എടക്കരയിലെ കുഞ്ഞിന് ചികില്‍സ ലഭ്യമാക്കാന്‍ ഫേസ്ബുക്കിലെ അഭ്യര്‍ത്ഥന മാനിച്ച് ഇടപെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നന്മയെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. പലരുടെയും പോസ്റ്റുകള്‍ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്യേണ്ട നന്മയാണ് മന്ത്രിയുടേതെന്നാണ് എനിക്കും തോന്നിയത്. എന്നാല്‍ എന്റെ ഇപ്പോള്‍ അഞ്ചുമാസം പ്രായമുള്ള മകന് വേണ്ടി ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവത്തില്‍ നിന്ന് ഒരു അനീതി ചൂണ്ടിക്കാണിക്കാതെ നന്മയെ പ്രകീര്‍ത്തിക്കാനാവില്ല. നേരത്തെ കാസര്‍കോട്ടെ കുഞ്ഞുമായി തിരുവന്തപുരത്തേക്ക് ആംബുലന്‍സ് പറന്നപ്പോള്‍ ചിലരെങ്കിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളോടെ ജനിക്കുന്ന കുട്ടികള്‍ക്ക് ഇന്ന് കേരളത്തില്‍ മികച്ച ചികില്‍സ ലഭ്യമാണ്. ഹൃദ്യം പദ്ധതിയിലൂടെ അത് സൗജന്യമായതോടെ സാധാരണക്കാര്‍ക്ക് പ്രാപ്യവുമാണ്. എന്നാല്‍ ഈ സാധ്യതയില്‍ പ്രത്യക്ഷത്തില്‍ തന്നെ തികഞ്ഞ പ്രാദേശികമായ വിവേചനം കാണാനാകും. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികില്‍സ ലഭ്യമാവുന്ന ആശുപത്രികള്‍ നോക്കൂ. മൂന്നെണ്ണം കൊച്ചിയിലാണ്(എറണാകുളം, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകള്‍ക്ക് ആശ്രയിക്കാന്‍ എളുപ്പമാണ്). ഓരോന്ന് കോട്ടയത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലുമുണ്ട്. കൊല്ലത്ത് ഇല്ലെങ്കിലും സമീപ ജില്ലകളിലുണ്ട് എന്നുവയ്ക്കാം. എന്നാല്‍ തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളില്‍ ഒരിടത്തുമാത്രമാണ് ഹൃദ്യം പദ്ധതി പ്രകാരം ചികില്‍സ ലഭിക്കുന്നത്, കോഴിക്കോട് മിംസില്‍. മലപ്പുറം, വയനാട് ജില്ലകളിലെ സാധരണക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലോ, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ക്ക് ആശ്വാസമാവുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലോ, എന്തിന് ശൈലജ ടീച്ചറുടെ ജില്ലയായ കണ്ണുരുമില്ല. കാസര്‍കോടിന്റെ കാര്യം പറയാനില്ല. ഈ തികഞ്ഞ അനീതി തുടരുവോളം എറണാകുളം മുതല്‍ തെക്കോട്ടുള്ള ആശുപത്രികളിലേക്ക് അലറിവിവിളിച്ച് മലബാറില്‍ നിന്ന് ആംബുലന്‍സുകള്‍ ഇനിയും പോകേണ്ടിവരും. ഇപ്പോള്‍ എടക്കരയിലെ കുട്ടിയേയും എറണാകുളത്തെ ആശുപത്രിയിലേക്കണല്ലോ മാറ്റിയത്. അതുകൊണ്ട് ടീച്ചറെ, മനുഷ്യസഹജമായ നന്മയിലുപരി, അനീതി അവസാനിപ്പിക്കാനാവുന്ന തീരുമാനങ്ങളാണ് ഭരണാധികാരിയില്‍ നിന്നുണ്ടാവേണ്ടത് എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കട്ടെ.


Full View





Tags:    

Similar News