ഗാന്ധിയെ കൊന്നവര്‍ നീതിയെ കൊല്ലുന്നു; രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി
തിരുവനന്തപുരം: ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മാവേലിക്കര സെഷന്‍സ് കോടതി വിധിക്കെതിരേ പ്രതികരണവുമായി എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി. ഏകലവ്യന്റെ വിരല്‍ മുറിച്ച നീതിനിര്‍വഹണ സംസ്‌കൃതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്ന് ദേശീയ തലത്തില്‍ സാക്ഷ്യപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ കേരളവും അതിനോടൊപ്പമെന്ന അഭിമാന ബോധം ഭരിക്കുന്നവരെയും തുണയ്ക്കുന്നവരെയും നയിക്കുന്നുവെങ്കില്‍ നീതിയുടെ, ജനാധിപത്യത്തിന്റെ പൂര്‍ണത പുലരുക തന്നെ ചെയ്യും. നീതി മാത്രമാണ് ധര്‍മം എന്നു വിചാരിക്കുന്ന നല്ല നാളെകള്‍ പിറക്കും. അതെ ആരും ആരെയും ഭയപ്പെടാത്ത നാളുകള്‍ പുലരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മൂവാറ്റുപുഴ അശ്‌റഫ് മൗലവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന കൊലപാതകത്തില്‍ കുറ്റാരോപിതര്‍ക്കെതിരേയുണ്ടായ കോടതി വിധി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് മാധ്യമങ്ങള്‍ തന്നെ പറയുന്നു. വധശിക്ഷ വിധിക്കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന സുപ്രിം കോടതിയുടെ താല്‍പ്പര്യം വിധിയുടെ പരിസരത്തുപോലും എത്തിനോക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍, ആര്‍എസ്എസ് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിച്ച്, സംഘപരിവാര നേതൃത്വത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രോസിക്യൂട്ടറെ വച്ച്, ആര്‍എസ്എസ്സിന്റെ അജണ്ടയ്ക്കനുസരിച്ച് പ്രോസിക്യൂഷന്‍ പറഞ്ഞ മുഴുവന്‍ ആവശ്യങ്ങളും(മുഴുവന്‍ ആളുകളെയും തൂക്കിലേറ്റണമെന്ന ആവശ്യമുള്‍പ്പെടെ) അതേപടി വിധിയായി 10 നിമിഷം കൊണ്ട് പ്രഖ്യാപിക്കുമ്പോള്‍ ജനാധിപത്യ സര്‍ക്കാരില്‍ നിന്നും കോടതിയില്‍ നിന്നുമുള്‍പ്പെടെ പൂര്‍ണമായ നീതി കിട്ടുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ചിലത് ചോദിക്കാനുണ്ട്.
1. കെ എസ് ഷാന്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ഭാഗം എതിര്‍ക്കാത്തതുകൊണ്ട് ജാമ്യം കിട്ടി. ജാമ്യ വിധിയില്‍ തന്നെ പ്രോസിക്യൂഷന്‍ എതിര്‍പ്പ് പറഞ്ഞിട്ടില്ലെന്ന് കോടതി പറയുന്നു.
2. അന്വേഷണത്തില്‍ തുടക്കം മുതല്‍ വിവേചനപരവും പക്ഷപാതപരവും വംശീയവുമായ സമീപനം ഉണ്ടായി എന്ന് പല നിലയിലും സാക്ഷ്യപ്പെടുത്തുന്നു.
3. രണ്ടാമത് നടന്ന കൊലപാതകത്തിലെ പ്രതികള്‍ക്ക് നാളിതുവരെ ജാമ്യം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയും കോടതി ഒപ്പം നില്‍ക്കുകയും ചെയ്തു.
4. ഷാന്‍ കൊലപാതകത്തില്‍ പ്രതികളുടെ ലിസ്റ്റ് പോലും പൂര്‍ണമായി നല്‍കിയിട്ടില്ല.
ഇത്തരം പ്രകടമായ വിവേചനത്തിനും പക്ഷപാതിത്വത്തിനും കാരണം എന്താണ് എന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയേണ്ടതുണ്ട്. മതവും രാഷ്ട്രീയവും നോക്കി മാത്രം സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന സത്യം പ്രബുദ്ധ കേരളത്തില്‍ പറയാന്‍ ലജ്ജ തോന്നുന്നു.
ഏകലവ്യന്റെ വിരല്‍ മുറിച്ച നീതിനിര്‍വഹണ സംസ്‌കൃതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്ന് ദേശീയ തലത്തില്‍ സാക്ഷ്യപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ കേരളവും അതിനോടൊപ്പമെന്ന അഭിമാന ബോധം ഭരിക്കുന്നവരെയും തുണയ്ക്കുന്നവരെയും നയിക്കുന്നുവെങ്കില്‍ നീതിയുടെ, ജനാധിപത്യത്തിന്റെ പൂര്‍ണത പുലരുക തന്നെ ചെയ്യും. നീതി മാത്രമാണ് ധര്‍മം എന്നു വിചാരിക്കുന്ന നല്ല നാളെകള്‍ പിറക്കും. അതെ ആരും ആരെയും ഭയപ്പെടാത്ത നാളുകള്‍ പുലരുക തന്നെ ചെയ്യും.
Full View