എന്‍സിഇആര്‍ടിയുടെ 12ാം ക്ലാസിലെ പുസ്തകത്തില്‍ നിന്ന് ഗാന്ധിജിയും പുറത്ത്
ന്യൂഡല്‍ഹി: നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങിന്റെ(എന്‍സിഇആര്‍ടി) 12ാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയവരില്‍ ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങളും. 12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ വെട്ടിനിരത്തിയത്. എന്നാല്‍ പാഠപുസ്തകങ്ങളിലെ മാറ്റം കഴിഞ്ഞ വര്‍ഷമാണ് നടന്നതെന്നും ഈ വര്‍ഷം പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്നു എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് സക്ലാനി പറഞ്ഞു. 'ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ മാന്ത്രികമായി ബാധിച്ചു', 'ഗാന്ധിയുടെ ഹിന്ദു-മുസ് ലിം ഐക്യം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു', 'ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ കുറച്ചുകാലം നിരോധിച്ചു' തുടങ്ങിയ പാഠങ്ങളാണ് പുതിയ അക്കാദമിക് സെഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കൊവിഡിന്റെ മറവില്‍ കഴിഞ്ഞ വര്‍ഷത്തെ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി എന്‍സിഇആര്‍ടി ഗുജറാത്ത് വംശഹത്യ, മുഗള്‍ കോടതികള്‍, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്‌സലൈറ്റ് പ്രസ്ഥാനം തുടങ്ങിയ പാഠഭാഗങ്ങള്‍ കോഴ്‌സില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇതില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഉദ്ധരണികളൊന്നും പരാമര്‍ശിച്ചിരുന്നില്ല.